മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ 2 പേർ അറസ്‌റ്റിൽ

അമ്പലപ്പുഴ
മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസിൽ രണ്ട് പേരെ അറസ്‌റ്റുചെയ്‌തു. അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 2024 ജൂലൈ 16 മുതൽ നവംബർ 18 വരെയുള്ള കാലയളവിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരുടെ സഹായത്തോടെ പണം കൈക്കലാക്കിയ പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാംവാർഡ് കല്ലൂപ്പാറയിൽ ജെ സുഹാസ് (33), ആലപ്പുഴ അവലൂക്കുന്ന് വെളിയിൽ വി എസ് അജിത്ത് (30) എന്നിവരാണ് അറസ്‌റ്റിലായത്. സുഹാസിനെ ബാംഗ്ലൂരിൽനിന്നും അജിത്തിനെ വീട്ടിൽനിന്നുമാണ് പിടികൂടിയത്. അമ്പലപ്പുഴ സ്വദേശിയാണ് ബാങ്കിലെ മറ്റു ജീവനക്കാരുടെ സഹായത്തോടെ വിവിധ ദിവസങ്ങളിൽ മുക്കുപണ്ടം പണയംവച്ചത്. പുതുതായി എത്തിയ മാനേജർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. 1,52,78,505- രൂപയാണ് അപ്രൈസർ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് തട്ടിയത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കെെമാറുകയായിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടിയെങ്കിലും രണ്ട് പേരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്‌തു.









0 comments