പുനരവതരണം ഏഴുപതിറ്റാണ്ടിനുശേഷം
തോപ്പിൽ ഭാസിയുടെ ‘ഷെൽട്ടർ' വീണ്ടും അരങ്ങിൽ

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ റിയൽവ്യൂ ക്രിയേഷൻസ് ആലപ്പുഴ ബീച്ചിൽ അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ജീവിതകഥ ‘ഷെൽട്ടർ’ നാടകം

സ്വന്തം ലേഖകൻ
Published on Sep 09, 2025, 01:09 AM | 1 min read
ആലപ്പുഴ
തോപ്പിൽ ഭാസിയുടെ ജീവിതകഥ ‘ഷെൽട്ടർ’ വീണ്ടും അരങ്ങിൽ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ റിയൽവ്യൂ ക്രിയേഷൻസാണ് ആലപ്പുഴ ബീച്ചിൽ നാടകം പുനരവതരിപ്പിച്ചത്. ഏഴ് പതിറ്റാണ്ട് മുമ്പ് കമ്യൂണിസ്റ്റ് പാർടിയുടെ തിരുകൊച്ചി സംസ്ഥാന സമ്മേളനനഗരിയായ ആലുവയിലാണ് നാടകം ആദ്യമായി അവതരിപ്പിച്ചത്.
തോപ്പിൽ ഭാസിക്കൊപ്പം ജി ജനാർദനക്കുറുപ്പ്, ശങ്കരാടി, ഒ മാധവൻ, കെ എസ് ജോർജ്, കെപിഎസി സുലോചന, വിജയകുമാരി, തോപ്പിൽ കൃഷ്ണപിള്ള, മണവാളൻ ജോസഫ്, മുടയിൽത്തറ ഭാസ്കരൻ തുടങ്ങിയവരും അണിനിരന്നു. 1948ലെ ഒളിവ് ജീവിതത്തിലെ അനുഭവമാണ് നാടകത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത്. ശങ്കരാടിയുടെ നിദേശപ്രകാരം ഷെൽട്ടർ വിപുലീകരിച്ചാണ് ‘മൂലധനം’ അരങ്ങിലെത്തിച്ചത്. പിന്നീട് അത് സിനിമയാക്കി.
തോപ്പിൽ ഭാസിയുടെയും ശങ്കരാടിയുടെയും ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് റിയൽവ്യൂ ക്രിയേഷൻസ് നാടകം അരങ്ങിലെത്തിക്കാൻ തീരുമാനിച്ചത്. ദൂരദർശൻ ഡയറക്ടറായിരുന്ന ബൈജു ചന്ദ്രന്റെ കൈവശമിരുന്ന തിരക്കഥയാണ് ഇതിനായി ഉപയോഗിച്ചത്. 1948ൽ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയെയാണ് നാടകം ചിത്രീകരിച്ചത്. അതിനാൽ നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളുമായി കോർത്തിണക്കാൻ അവസാനഭാഗങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ ആണ് സംവിധാനം. ഏകോപനം - വി ടി രതീഷ്, ഗാനങ്ങൾ -വയലാർ ശരച്ചന്ദ്രവർമ, ബി കെ ഹരിനാരായണൻ. സംഗീതം മിനീഷ് തമ്പാൻ. കെ ജെ മാർട്ടിൻ, പ്രശാന്ത് തൃക്കളത്തൂർ, ശ്രീലേഖ വിജയകുമാർ, ജിനേഷ് ഗംഗാധരൻ, ബിബിൻരാജ്, അനിൽ, അരുൺകുമാർ, കൃഷ്ണപ്രഭാത്, ബബീഷ് ഭാസ്കർ, ബിബിൻ മാപ്പിള, സുമേഷ് ഓലിപ്പാറ, അൻഷാജ് തേനാലി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.









0 comments