കാറ്റിലും മഴയിലും നാശം; ഇന്ന് മഞ്ഞ അലർട്ട്

ആലപ്പുഴ
ജില്ലയിൽ ശക്‌തമായ കാറ്റും മഴയും. വ്യാഴം രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 18.72 മില്ലിമീറ്റർ മഴലഭിച്ചു. രാവിലെയുണ്ടായ ശക്‌തമായ കാറ്റിൽ വൻനാശമുണ്ടായി. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്‌ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 728 വീട് ഭാഗികമായും 24 വീട് പൂർണമായും തകർന്നു. കലവൂരിൽ കളരി പരിശീലനകേന്ദ്രത്തിന് മുകളിൽ മരംവീണു. കുതിരപ്പന്തി, വട്ടയാൽ, കളർകോട് ഭാഗങ്ങളിലാണ് ശക്‌തമായ കാറ്റിൽ മരം വീണ് രണ്ടര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത്. വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു. വട്ടയാൽ പള്ളിക്ക് മുന്നിൽ തേക്കുമരം കടപുഴകി വീണു. കുതിരപ്പന്തി, കളർകോട് ഭാഗങ്ങളിൽ മാവ് ആണ് വീണത്. പള്ളാത്തുരുത്തി പാലത്തിന് കിഴക്കുഭാഗത്ത് മരം മറിഞ്ഞ് 11 കെ വി ലൈനിൽ തൂങ്ങിക്കിടന്നു. ഇത് പിന്നീട് കെഎസ്‌ഇബി ഉദ്യോഗസ്ഥർ എത്തി മുറിച്ചുനീക്കി. പാലത്തിന് സമീപമുണ്ടായിരുന്ന പെട്ടിക്കട കാറ്റിൽ പറന്നുപോയി. രാവിലെ എട്ടോടെയാണ് കാറ്റ് വീശിയത്. ആലപ്പുഴ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു
മങ്കൊമ്പ്
വ്യാഴാഴ്‌ച ഒറ്റ ദിവസം പെയ്‌ത കനത്തമഴയും വൈകിട്ടത്തെ ശക്തമായ വേലിയേറ്റവും കുട്ടനാടിനെ വീണ്ടും വെള്ളത്തിൽ മുക്കുന്നു. താഴ്‌ന്നപ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. പ്രധാന നദികളിലും ജലനിരപ്പ് ഉയർന്നുതുടങ്ങി. ഉച്ചയ്‌ക്കുശേഷം പ്രദേശത്ത് തീവ്രമഴയായിരുന്നു. കാലവർഷം ആരംഭിച്ച് മൂന്നാം വട്ടമാണ് ജലനിരപ്പ് ഉയരുന്നത്. വീണ്ടുമൊരു വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് കൂടുകയാണ്. വെള്ളക്കെട്ട് പൂർണമായി മാറും മുമ്പാണ് വീണ്ടും വെള്ളപ്പൊക്കം എത്തിയത്. ഗ്രാമീണ റോഡുകളും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് അധികം വെള്ളം വലിക്കാത്തതും ജലനിരപ്പ് ഉയരാൻ കാരണമായി. വെള്ളപ്പൊക്കത്തിനൊപ്പം തൊഴിലുകളും കുറഞ്ഞു. വെള്ളം ഉയർന്നാൽ കുട്ടനാട്ടിലെ വിദ്യാർഥികളുടെ പഠനം വീണ്ടും മുടങ്ങും. ശക്തമായ മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന കാറ്റും ആശങ്ക വർധിപ്പിക്കുന്നു. കാറ്റിൽ തലവടി പഞ്ചായത്തിലെ എട്ടാം വാർഡിൽ വല്യതറ വീട്ടിൽ ഉത്തമൻ, പാലത്തിങ്കൽ സന്തോഷ് എന്നിവരുടെ വീടുകൾ തകർന്നു.
ചേർത്തലയും
കുട്ടനാടും ഇന്ന് അവധി
ആലപ്പുഴ
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചേർത്തല, കുട്ടനാട് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി കലക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.









0 comments