ഒറ്റമാസം 3 വെള്ളപ്പൊക്കം
നട്ടംതിരിഞ്ഞ് കുട്ടനാട്

വെള്ളത്തിൽ മുങ്ങിയ പുളിങ്കുന്ന് കൃഷിഭവനും മാവേലി സ്റ്റോറും
മങ്കൊമ്പ്
കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതന്നെ. പുളിങ്കുന്ന്, തലവടി, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. പമ്പയിലൂടെയും മണിമലയാറിലൂടെയും ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളമാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം. ഈവർഷം ഇത് മൂന്നാമത്തെ വെള്ളപ്പൊക്കമാണ് കുട്ടനാട്ടിലേത്. മുട്ടാർ പഞ്ചായത്തിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. മുട്ടാറ്റിലെ പാളയിൽ കോളനി, മല്ലൂത്തറ കോളനി, കുഴിലടി കോളനി, ഇരുപതിൽചിറ കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. പുളിങ്കുന്ന് പഞ്ചായത്തിലെ 14, 15, 13, 12 വാർഡുകളിലും വെള്ളംകയറി. മറ്റു പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുളിങ്കുന്ന് കൃഷിഭവൻ, മാവേലിസ്റ്റോർ എന്നിവ വെള്ളത്തിൽമുങ്ങി. മങ്കൊമ്പ്ക്ഷേത്രം റോഡ്, മങ്കൊമ്പ് - കണ്ണാടിറോഡ്, കിടങ്ങറ - വെളിയനാട്- കണ്ണാടിറോഡ് എന്നിവ മുങ്ങിക്കിടക്കുകയാണ്. ബസ് സർവീസുകളെല്ലാം ഭാഗികമായി നിർത്തിവച്ചു. കാവാലം പഞ്ചായത്തിലെ പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലാണ്. അൽപംകൂടി വെള്ളമുയർന്നാൽ ജങ്കാർ സർവീസ് നിർത്തലാക്കേണ്ടിവരും. കൃഷ്‌ണപുരംവഴി ചങ്ങനാശേരിയിലേക്ക് വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്, കൈനടിവഴി ഗതാഗതവും തടസപ്പെട്ടു. 10 ദിവസം പോലും ക്ലാസില്ല കുട്ടനാട്ടിലെ സ്കൂളുകളെയാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചത്. പുതിയ അധ്യയനവർഷം ആരംഭിച്ച് ഒരുമാസമാകുമ്പോഴും 10 ദിവസംപോലും സ്‌കൂളുകളിൽ ക്ലാസുകൾ നടന്നിട്ടില്ല. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തിരുമാനമുണ്ടെങ്കിലും സ്വന്തമായി ഫോണും ഇന്റർനെറ്റ് സൗകര്യങ്ങളും ഇല്ലാത്ത നിരവധി വിദ്യാർഥികൾ ഉള്ളതിനാൽ ഇത് എത്രമാത്രം ഫലപ്രദമാണെന്ന് അധ്യാപകർക്ക് ആശങ്കയുണ്ട്. ഭൂരിഭാഗം സ്‌കൂളുകളിലേക്കുമുള്ള വഴികൾ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്.









0 comments