ആരോഗ്യം ആനന്ദം രണ്ടാം ഘട്ടം
പുകയിലക്കെതിരെ പ്രതിരോധം തീർക്കും

ആലപ്പുഴ
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി പുകയില ഉപയോഗത്തിനെതിരെ ആരോഗ്യവകുപ്പ് ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' കാൻസർ പ്രതിരോധ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പ്രതിരോധം തീർക്കും. 31ന് ജില്ല, ബ്ലോക്ക്, തദ്ദേശ സ്ഥാപനതലത്തിൽ ഉദ്ഘാടനം സംഘടിപ്പിക്കും. കാമ്പയിന്റെ രണ്ടാം ഘട്ടം പുരുഷന്മാരിൽ ഏറ്റവും അധികം കണ്ടുവരുന്ന വദനാർബുദം, വൻകുടൽ അർബുദം എന്നിവയെ കേന്ദ്രീകരിച്ചാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി മേയ് 31 (ലോക പുകയിലവിരുദ്ധ ദിനം) മുതൽ കാമ്പയിൻ അടിസ്ഥാനത്തിൽ ആറ് ഘടകങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. പുകയിലക്കെതിരെ ബോധവൽക്കരണം, പുകയില നിയന്ത്രണ നിയമം 2003 നടപ്പാക്കൽ, വദനാർബുദ സ്ക്രീനിങ്, വൻകുടൽ അർബുദ ബോധവൽക്കരണം, പുകയിലരഹിത വിദ്യാലയങ്ങൾ, ടുബാക്കോ സെസേഷൻ ക്ലിനിക്കുകൾ എന്നിവയാണ് പ്രധാനം. പദ്ധതി നടത്തിപ്പിനായി എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡിഎംഒമാരായഡോ. അനു വർഗീസ്, ഡോ. എം അനന്ത്, ആർദ്രം നോഡൽ ഓഫീസർ ഡോ. ടെനി ജോർജ്, ഡെപ്യൂട്ടി ഡിഇഎംഒ ഡോ. ആർ സേതുനാഥ്, ഡോ. വിപിൻ കെ രവി, വിവിധ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന, പെൻഷൻ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു.









0 comments