എംഡിഎംഎ കേസിലെ പ്രധാനികൾ പിടിയിൽ

ആലപ്പുഴ
വിൽപ്പനയ്‌ക്ക് എത്തിച്ച 12.13 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിലായ സംഭവത്തിൽ പ്രധാന പ്രതികൾ പിടിയിൽ. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ പുഴാതി നാസ് വീട്ടിൽ സൈനുൽ ആബിദ് ഇക്ബാൽ (28), സുഹൃത്തും സഹായിയുമായ കണ്ണൂർ താഴെചൊവ്വയിൽ ബൈതൽനൂർ വീട്ടിൽ മുഹമ്മദ് ഫർഹാൻ (30) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് ആലപ്പുഴ സ്റ്റേഡിയം വാർഡിൽ മടത്തിൽ പറമ്പിൽ കെ സിയാ (40), ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ സഞ്ചുമോൾ (39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നോർത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയായ ആബിദ്, ഇയാളുടെ സുഹൃത്തും നാട്ടിലെ പ്രധാന സഹായിയുമായ ഫർഹാൻ എന്നിവർ പിടിയിലാകുന്നത്. സമാന കേസിൽ ആബിദ് വിദേശത്തും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ദമ്പതികൾക്ക് എംഡിഎംഎ നൽകിയത് ഇവരാണ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ബംഗളൂരുവിൽനിന്നും കണ്ണൂരിൽനിന്നും പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധുബാബു, നോർത്ത് എസ്‌എച്ച്‌ഒ എം കെ രാജേഷ്, എസ്‌ഐമാരായ കൃഷ്‌ണലാൽ, സജീവ്, എസ്‌സിപിഒമാരായ ഗിരീഷ്, വിനുകൃഷ്‌ണൻ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ്‌ചെയ്‌തു.









0 comments