കെ സി വേണുഗോപാലിന്റെ അധിക്ഷേപം: പെൻഷൻകാരുടെ പ്രതിഷേധമിരമ്പി

കെഎസ്കെടിയു ജില്ലാ കമ്മിറ്റി കെ സി വേണുഗോപാല്‍ എംപിയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 12, 2025, 12:15 AM | 1 min read
ആലപ്പുഴ
പെൻഷൻ കൈക്കൂലിയാണെന്ന് അധിക്ഷേപിച്ച എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്കെതിരെ സാമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധം ഇരമ്പി. കെ സി വേണുഗോപാൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് എംപിയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പെൻഷൻകാർ മാർച്ചിൽ പങ്കെടുത്തു. പഴവീട് ജങ്‌ഷനിൽനിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്‌തു. എംപിയുടെ ഓഫീസിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. സാമൂഹ്യ പെൻഷനെതിരെ യുഡിഎഫ് നടത്തിയ ശ്രമങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് കെ സി വേണുഗോപാലിന്റെ ആക്ഷേപമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ പെൻഷൻ 2000 രൂപയിലെത്തിയിരിക്കും. കെ സി വേണുഗോപാൽ ആക്ഷേപം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹം എത്തുന്നിടത്തെല്ലാം പ്രതിഷേധമുണ്ടാകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ രാഘവൻ അധ്യക്ഷനായി. സെക്രട്ടറി എം സത്യപാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഷാജു, സി പ്രസാദ്, എൻ സുധാമണി, കമലമ്മ ഉദയാനന്ദൻ, പി രഘുനാഥ്, ജോസ് തോമസ്, ടി യശോധരൻ, വി പ്രഭാകരൻ, രുഗ്‌മിണി രാജു, കെ കൃഷ്‌ണമ്മ, അജയ സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments