പുറക്കാട് കടൽത്തീരത്ത് തിമിംഗിലം ചത്തടിഞ്ഞു

അമ്പലപ്പുഴ
പുറക്കാട് കടൽത്തീരത്ത് ചത്ത തിമിംഗിലമടിഞ്ഞു. പഴയങ്ങാടി തീരത്താണ് ചൊവ്വ വൈകിട്ട് 3.30 ഓടെ തിമിംഗിലമടിഞ്ഞത്. ഏകദേശം 30 മീറ്റർ നീളമുള്ള ഇത് ദിവസങ്ങൾക്ക് മുമ്പ് ചത്തതാണെന്ന് കരുതുന്നു. ശരീരം അധികം അഴുകിയിട്ടില്ലെങ്കിലും രൂക്ഷ ദുർഗന്ധമാണ്. കടൽഭിത്തിയില്ലാത്ത ഈ ഭാഗത്ത് തീരത്തോട് ചേർന്നാണ് തിമിംഗിലമടിഞ്ഞത്. നിരവധി പേർ കാണാനെത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനനും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്തെത്തി. മൂന്ന് ദിവസം മുമ്പ് ഇവിടെനിന്ന് ഏകദേശം 2 കിലോമീറ്റർ തെക്ക് പുന്തലയിലും കൂറ്റൻ തിമിംഗിലമടിഞ്ഞിരുന്നു. തിമിംഗില ജഡം മറവുചെയ്യാത്തതിനാൽ ദുരിതത്തിൽ ഹരിപ്പാട് മൂന്ന് ദിവസം മുമ്പ് പല്ലന ശ്രീ പോർക്കലി ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് അടിഞ്ഞ തിമിംഗിലത്തെ സംസ്‌കരിക്കാനുള്ള നടപടികൾ വൈകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കാറ്റിൽ പരിസരപ്രദേശങ്ങളിൽ ദുർഗന്ധം പടരുകയാണ്. ഞായറാഴ്‌ചയാണ് തിമിംഗിലം പല്ലനതീരത്ത് അടിഞ്ഞത്. നേരത്തെ പുറക്കാട് തീരത്തടിഞ്ഞ തിമിംഗിലം തോട്ടപ്പള്ളി തീരത്തേക്ക് വടംകെട്ടി കൊണ്ടുവരുന്നതിനിടെ വിട്ടുപോയി ഒഴുകി പല്ലനയിലെത്തുകയായിരുന്നു. തിമിംഗിലം അടിഞ്ഞ ഭാഗത്ത് ഇതിനെ സംസ്‌കരിക്കാൻ സൗകര്യമില്ല. ജഡം അഴുകിയതിനാൽ മറ്റൊരിടത്തേക്ക് മാറ്റാനുമാകില്ല. മുറിച്ച് ചെറുഭാഗങ്ങളാക്കി ആഴത്തിൽ കുഴിയെടുത്ത് മറവുചെയ്യുകയാണ് പോംവഴി.









0 comments