ഇന്ത്യ എന്ന ആശയത്തിനായി യെച്ചൂരി നടത്തിയ സമരങ്ങൾ അവിസ്‌മരണീയം: എം എ ബേബി

yechuri

സിപിഐ എം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 30, 2025, 03:32 AM | 1 min read

മൂവാറ്റുപുഴ

ഇന്ത്യ എന്ന ആശയത്തിനായി സീതാറാം യെച്ചൂരി നേതൃത്വം നൽകിയ സമരങ്ങൾ അവിസ്മരണീയമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന്റെ ഇന്ത്യവിരുദ്ധ ഹിന്ദുരാഷ്ട്രനിർമാണ പദ്ധതിയുടെ ഉള്ളടക്കം തുറന്നുകാണിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായെന്നും എം എ ബേബി പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിയെക്കുറിച്ച് അദ്ദേഹം ഫ്രണ്ട്‌ലൈനിൽ എഴുതിയ പ്രബന്ധം പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഭരണനേതൃത്വത്തെ ഇന്ന് നിയന്ത്രിക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണ്. ഭരണഘടനയുടെ ഉള്ളടക്കത്തിന് കടകവിരുദ്ധമായ ആർഎസ്എസ് കാഴ്ചപ്പാടുകൾ നടപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും അടക്കമുള്ളവർ. അത്‌ തുറന്നുകാണിച്ചയാളാണ് യെച്ചൂരി.



ഇന്ത്യ മുന്നണി എന്ന രാഷ്ട്രീയസംവിധാനം യഥാർഥ്യമാക്കുന്നതിൽ സിപിഐ എം ജനറൽ സെക്രട്ടറി എന്നനിലയിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. പാർടിയുടെ രാഷ്ട്രീയ കാഴ്‌ചപ്പാട് നടപ്പാക്കാൻ തന്റെ രാഷ്ട്രീയ ചാതുര്യത്തിന്റെ മേമ്പൊടി അദ്ദേഹം ചേർത്തു. തനിക്ക്‌ ലഭിക്കുമായിരുന്ന കരിയർസാധ്യതകൾ വേണ്ടെന്നുവച്ച്‌ ക്ലേശങ്ങൾനിറഞ്ഞ പാത തെരഞ്ഞെടുത്തയാളായിരുന്നു യെച്ചൂരി. പരസ്യമായി പ്രവർത്തിക്കാൻ കഴിയാത്ത അടിയന്തരാവസ്ഥക്കാലത്താണ്‌ പാർടിയിൽ ചേർന്നത്‌. അടിച്ചമർത്തപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന, ജയിലിലേക്ക്‌ പോകാനുള്ള സാധ്യതമാത്രമുള്ള കാലഘട്ടമായിരുന്നു അതെന്നും എം എ ബേബി പറഞ്ഞു.



ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ് സ്വാഗതവും മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ അനിൽകുമാർ, ഷാജി മുഹമ്മദ്, കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ്, ഏരിയ സെക്രട്ടറിമാരായ കെ കെ ഏലിയാസ്, കെ എം ജോയി, പി ബി രതീഷ്, കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home