കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ
വർഗീയമായി ഭിന്നിപ്പിക്കുന്നു: എ വിജയരാഘവൻ

യെച്ചൂരിക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

yechuri

സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ യോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2025, 02:14 AM | 2 min read

കൊച്ചി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്വലനായ സംഘാടകനും ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ജില്ലയിലാകെ അനുസ്‌മരണ പരിപാടി നടന്നു. മുഴുവൻ ബ്രാഞ്ചുകളിലും ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തി. ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ അനുസ്മരണ പൊതുയോഗങ്ങളും സംഘടിപ്പിച്ചു.


ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിൽ സെക്രട്ടറി എസ്‌ സതീഷ്‌ പതാക ഉയർത്തി. എറണാകുളത്ത്‌ ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പ്രഭാഷണം നടത്തി.


അനുസ്‌മരണ കേന്ദ്രങ്ങളും ഉദ്‌ഘാടകരും: വൈപ്പിൻ–സി എൻ മോഹനൻ, കോതമംഗലം–ഗോപി കോട്ടമുറിക്കിൽ, പെരുന്പാവൂർ–എസ്‌ സതീഷ്‌, പള്ളുരുത്തി–സി എം ദിനേശ്‌ മണി, അങ്കമാലി കാലടി–എസ് ശർമ, തൃപ്പൂണിത്തുറ–കെ ചന്ദ്രൻപിള്ള, തൃക്കാക്കര–എം അനിൽകുമാർ, കോലഞ്ചേരി അന്പലമേട്‌–ആർ അനിൽകുമാർ, ആലുവ–ടി സി ഷിബു, കൊച്ചി–കെ എൻ ഉണ്ണിക്കൃഷ്ണൻ, പെരുന്പാവൂർ– സി കെ പരീത്, കവളങ്ങാട്‌–പുഷ്‌പ ദാസ്, പറവൂർ–ജോൺ ഫെർണാണ്ടസ്‌, കളമശേരി–പി ആർ മുരളീധരൻ, മൂവാറ്റുപുഴ– ഷാജി മുഹമ്മദ്‌, കൂത്താട്ടുകുളം–കെ എസ് അരുൺകുമാർ.


കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ
വർഗീയമായി ഭിന്നിപ്പിക്കുന്നു: എ വിജയരാഘവൻ

സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാതെ ജനങ്ങളെ എങ്ങനെ വർഗീയമായി ഭിന്നിപ്പിക്കാമെന്നാണ്‌ കേന്ദ്ര ഭരണാധികാരികൾ ആലോചിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. സിപിഐ എം നേതൃത്വത്തിൽ ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​


പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിദ്വേഷത്തിന്റെ ഭാഷ സംസാരിക്കുന്നു. എല്ലാവരെയും ഒന്നായി കാണുന്ന സ്വരം അവരിൽനിന്ന്‌ കേൾക്കുന്നില്ല. പ്രാകൃത മൂല്യബോധത്തിന്റെ വക്താക്കൾ ഇന്ത്യയിലെ മനുഷ്യരുടെ ജീവിതത്തിൽ ഇരുട്ടു നിറയ്‌ക്കുകയാണ്‌. ഇ‍ൗ കാലഘട്ടത്തിൽ തോറ്റുമടങ്ങില്ലെന്ന്‌ പറയുന്ന കമ്യൂണിസ്‌റ്റ്‌ പാർടി കെട്ടിപ്പടുക്കാനുള്ള ഗ‍ൗരവപൂർണമായ ജോലിയാണ്‌ സീതാറാം യെച്ചൂരി നിർവഹിച്ചിരുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.


‘സോഷ്യലിസമാണ്‌ ബദൽ’ എന്ന്‌ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചിരുന്നയാളാണ്‌ യെച്ചൂരി. മുതലാളിത്തത്തിന്‌ മാനുഷികതയെ ഉയർത്തിപ്പിടിക്കാനാകില്ലെന്ന്‌ ഏറ്റവും കരുത്തോടെ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.


ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി സി മണി, ടി മായാദേവി, ടെസി ജേക്കബ്, എൻ സതീഷ് എന്നിവർ സംസാരിച്ചു. ചിന്ത വാരിക പ്രിന്ററും പബ്ലിഷറുമായ കെ എ വേണുഗോപാലന്റെ "സോഷ്യലിസമാണ് ബദൽ’ പുസ്തകം എസ് സതീഷിന് നൽകി എ വിജയരാഘവൻ പ്രകാശിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home