കാട്ടാനഭീതിയിൽ വിറങ്ങലിച്ച്

കെ ഡി ജോസഫ്
Published on Feb 11, 2025, 02:44 AM | 1 min read
കാലടി
കാട്ടാനഭീതിയിലാണ് കാലടി പ്ലാന്റേഷനിലെ ഉൾപ്പെടെ തൊഴിലാളികൾ. തിങ്കളാഴ്‌ച പ്ലാന്റേഷനിലെ തൊഴിലാളിയെ കാട്ടാന ആക്രമിച്ചതോടെ ഭീതിയേറി. അഞ്ഞൂറിലധികം തൊഴിലാളികളുണ്ട് പ്ലാന്റേഷനിൽ. വഴിയിൽ ഏതുസമയത്തും കാട്ടാനസാന്നിധ്യം പേടിച്ചാണ് ഇവർ ജോലിസ്ഥലത്തേക്ക് പോകുന്നതും മടങ്ങുന്നതും. നാട്ടുകാരുടെയും സ്ഥിതി വ്യത്യസ്‌തമല്ല. കോർപറേഷന്റെ ചുറ്റും നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാട്ടാനയെ കണ്ട് ഭയന്നോടി വീണുംമറ്റും പരിക്കേറ്റവർ നിരവധിയാണ്.
കാർഷികവിളകളും നിരവധി വാഹനങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താമസസ്ഥലങ്ങളും നശിപ്പിക്കുന്നു. പകലും റോഡിൽ ആനയെ കാണാം.
അതിരപ്പിള്ളി, അയ്യമ്പുഴ പഞ്ചായത്തുകളിലായി അതിരപ്പിള്ളി, വാഴച്ചാൽ റിസർവ് വനങ്ങളോട് ചേർന്നുകിടക്കുന്ന വിശാലമായ പ്ലാന്റേഷൻ കോർപറേഷൻ നിറയെ റബറും എണ്ണപ്പനകളുമാണ്. തെക്ക്–-കിഴക്ക് മലയാറ്റൂർ, പൂതകുറ്റി, കോതമംഗലം വനപ്രദേശവും വടക്ക് ഷോളയാർ മലയുമാണ്. ഇതിനിടയിൽ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും.
എണ്ണപ്പന ആനയുടെ ഇഷ്ടഭക്ഷണമാണ്. ഇത് തിന്നാനും ചാലക്കുടി പുഴയിലെ വെള്ളം കുടിക്കാനുമാണ് അതിരപ്പിള്ളി കാടുകളിൽനിന്ന് പുഴ കടന്ന് ആനകൾ പ്ലാന്റേഷനിൽ എത്തുന്നത്. കാട്ടാനശല്യം അവസാനിപ്പിക്കാൻ സർക്കാര്‍ കൂടുതൽ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments