വാക്കുറപ്പിന്റെ കരുത്തിൽ മാറ്റത്തിനായി

രജിത് കാടകം
Published on Nov 24, 2025, 03:00 AM | 1 min read
ബെള്ളൂർ ‘‘ദേ..നോക്ക്.. നിങ്ങൾ ആ ഇറങ്ങി വന്ന റോഡ് കണ്ടോ? ബെള്ളൂർ പഞ്ചായത്ത് ഭരിച്ചവർ വോട്ട് ചോദിക്കാൻ വന്നപ്പോ ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞു പോയതാ. പിന്നെ ഇന്നേവരെ കണ്ടില്ല''. നിരാശയോടെ നെട്ടണിഗെ കോടിയടുക്ക ഉന്നതിയിലെ ഐത്തപ്പ പറഞ്ഞു. ‘‘പക്ഷേ എനിക്ക് വിശ്വാസമുണ്ട്. ഇടതുപക്ഷം വന്നാൽ തന്ന വാക്ക് പാലിക്കുമെന്ന്. പെൻഷൻ കൃത്യമായി കിട്ടുന്നത് മാത്രം മതി ഒരു ഉദാഹരണം. വാക്ക് പാലിക്കുന്നവർക്കാണ് എന്റെ വോട്ട്'. നിരാശ ചിരിയിലേക്ക് മാറി. തുടർന്ന് സ്നേഹവായ്പോടെ സ്വീകരണം. ഹൃദയം തുറന്നുള്ള പറച്ചിൽ, പരിചയപ്പെടൽ. വോട്ടർമാരെ വീടുകളിൽ ചെന്ന് കാണുകയായിരുന്നു ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഒ വത്സല. ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടി, പൊടിക്കള, ബാനക്കണ്ടം, നെട്ടണിഗെ, ബജ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പകൽ പന്ത്രണ്ടോടെ മുള്ളേരിയ -കിന്നിങ്കാർ കിഫ്ബി ഫണ്ടിൽ വികസിപ്പിച്ച അടിപൊളി റോഡിനോട് ചേർന്നുള്ള നെട്ടണിഗെ ഉന്നതിയിലെത്തിയതാണ് സ്ഥാനാർഥി. മദക്കം, മുക്കടാം ഗോളി, കുളൂർ, നെക്ലിഗാർ, അഡ്വാള എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സ്ഥാനാർഥികളും ഒപ്പമുണ്ടായി. തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടന രൂപീകരണ വേളയിൽ അതിന്റെ നേതൃത്വത്തിൽ ഉണ്ടായതിനാൽ വത്സലയ്ക്ക് മണ്ഡലത്തിൽ പരിചയ മുഖങ്ങൾ ഏറെ. എൽഡിഎഫിന്റെ ജയത്തിൽ എതിരാളികൾക്കും സംശയമില്ല. എത്ര വോട്ടിനാകും എന്നാണ് അറിയേണ്ടത്. കഴിഞ്ഞ അഞ്ച് വർഷം ഡിവിഷനിൽ ജില്ലാ പഞ്ചായത്തംഗം ഇല്ലാത്ത അവസ്ഥയെന്ന് പലരും പരാതി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൻ പദ്ധതികൾ കൊണ്ട് വരുമ്പോൾ അതിനൊത്ത വികസനം ഡിവിഷനിൽ കണ്ടില്ല. ജയിച്ചശേഷം നിലവിലെ അംഗം മണ്ഡലത്തിൽ വന്നിട്ടില്ല. കഴിഞ്ഞതവണ 263 വോട്ടിന് കൈവിട്ട ഡിവിഷൻ പുനർനിർണയ ശേഷം എൽഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.







0 comments