ചോക്കും കരിക്കട്ടയും വിദ്യാലയച്ചുവരുകൾ മനോഹരം

പെരിയ പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിച്ച് വിദ്യാലയ ചുവരുകൾ ആകർഷകമാക്കുകയാണ് പെരിയയിലെ വിദ്യാർഥികൾ. സ്കൂൾ പരിസരത്തുനിന്ന് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് പെരിയ ഗവ. ഹയർ സെക്കന്ററി സ്കൂൾ ചുവരുകൾ ചിത്രങ്ങളാൽ ആകർഷകമാക്കിയത്. പ്രകൃതി സംരക്ഷണത്തിന്റെയും പാഴ് വസ്തുകളുടെ പുനരുപയോഗത്തിന്റെ സാധ്യതകളും ഇതിലൂടെ കുട്ടികൾ ഓർമപ്പെടുത്തുന്നു. സ്കൂളിൽ ലഭ്യമാകുന്ന ചോക്ക്, വിറക് കരി എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. ഗാന്ധിജി, ജവഹർലാൽ നെഹ്റു, ബി ആർ അംബേദ്കർ എന്നിവരുടെയും പ്രകൃതി ദൃശ്യങ്ങളുടെയും കുട്ടികളുടെയും ചിത്രങ്ങളാണ് വരച്ചത്. വിദ്യാലയ ചുവരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും ശ്രദ്ധയാകർഷിക്കുന്നു. സ്കൂളിലെ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പംചാൽ എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.







0 comments