print edition ആഗോള ടൂറിസം ഹബ്ബ് ; ഉത്തരവാദിത്വ ടൂറിസം മിഷനെ ലോകം ഉറ്റുനോക്കുന്നു

എസ് കിരൺബാബു
Published on Nov 24, 2025, 03:01 AM | 3 min read
ലോകമാതൃകകൾ സമ്മാനിച്ച കേരളം ഇന്നു ലോകത്തെ മാടിവിളിക്കുകയാണ്. സുന്ദരക്കാഴ്‌ചകളും ഉത്സവാഘോഷങ്ങളും മുതൽ നാട്ടുരുചിയും നാട്ടിടവഴിയുമെല്ലാം കേരളടൂറിസത്തിന്റെ മുഖമായി മാറുന്പോൾ, ആതിഥേയർ സ്വയം ബ്രാൻഡ് അംബാസഡർമാരും സംരംഭകരുമാകുന്നു. നവകേരളത്തിന്റെ വളർച്ചയിൽ ടൂറിസത്തിന്റെ സുപ്രധാനസ്ഥാനം തരിച്ചറിഞ്ഞ് ആവിഷ്‌കരിച്ച ദീർഘവീക്ഷണമുള്ള വികസന നയത്തിലൂന്നിയാണ് കേരളം മുന്നേറുന്നത്. ഭൂമിയിലെ മനോഹരതീരം തേടിയെത്തുന്ന സഞ്ചാരികൾ ഇൗ നാടിന്റെ വിസ്‌മയങ്ങൾ കണ്ടുമടങ്ങുന്പോൾ പറയുന്നു
‘ഞങ്ങൾ വീണ്ടും വരും...’
തിരുവനന്തപുരം
ഗ്രാമപാതകളിലൂടെ നടന്ന്, നാടന്‍പാട്ടുകളുടെ ഈണംനിറച്ച്, കാടറിഞ്ഞ്, കാട്ടുചോലയില്‍ കുളിച്ച്, കായല്‍പ്പരപ്പില്‍ നീന്തി, ആയുര്‍വേദത്തെ അടുത്തറിഞ്ഞുള്ളൊരു സഞ്ചാര അനുഭവം കേരളത്തിലല്ലാതെ മറ്റെവിടെയാണ് സാധ്യമാകുക. ആഗോള ടൂറിസം ഹബ്ബായി കേരളം വളരുകയാണ്. ജനപങ്കാളിത്ത വിനോദ സഞ്ചാരത്തിന് പുതിയ മുഖംനൽകി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം മിഷനെ ലോകം ഉറ്റുനോക്കുന്നു.
‘മിഷൻ 2030’ മാസ്റ്റർ പ്ലാനും ടൂറിസം വകുപ്പ് തയ്യാറാക്കുന്നുണ്ട്. ക്രൂസ്, ഹെലി ടൂറിസം, മൂന്നാറിൽ കേബിൾ കാർ, ടൗൺഷിപ് തുടങ്ങി പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ വമ്പൻ പദ്ധതികൾ ഉൾപ്പെടുന്നതാണ് മാസ്റ്റർപ്ലാൻ. രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമെന്ന നേട്ടവും കേരളത്തിനാണ്. ഉത്തരവാദിത്വ ടൂറിസം സ്ത്രീശാക്തീകരണത്തിന്റെ വേദികൂടിയായി മാറിയ കാഴ്ചയാണ് കേരളം കണ്ടത്. സ്ത്രീ സംരംഭകരെ ഉള്‍പ്പെടുത്തി പ്രത്യേക നെറ്റ്‌വര്‍ക്കുണ്ടാക്കി. മിഷനിൽ രജിസ്റ്റർ ചെയ്തത് 25,188 യൂണിറ്റുകളാണ്. പ്രത്യക്ഷ ഗുണഭോക്താക്കള്‍ 52,344. പരോക്ഷ ഗുണഭോക്താക്കള്‍– 98,432. ഇതിൽ 17,632 (70%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിൽ. വരുമാനം 21.15 കോടി രൂപ. 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ നടപ്പാക്കി.
● ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്തും കോവളം കെടിഡിസി സമുദ്രയിലും
● കാരവാന്‍ പാര്‍ക്കുകൾ വാഗമണിലും മലമ്പുഴയിലും
● ബേപ്പൂര്‍ മുതല്‍ തൃത്താലവരെ മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്
● കോവളത്ത് 93 കോടി രൂപ ചെലവിൽ പദ്ധതി
● തലശേരി ഹെറിറ്റേജ് പദ്ധതിക്ക് കിഫ്ബി ഫണ്ടിൽനിന്ന് 78.16 കോടി
● 122 കോടി ചെലവഴിച്ച് ആലപ്പുഴ ഹെറിറ്റേജ് പദ്ധതി
● മുഴപ്പിലങ്ങാട് ബീച്ച്, ധർമടം തുരുത്ത് എന്നിവിടങ്ങളില്‍ 80 കോടിയുടെ പദ്ധതി
സർവകാല റെക്കോഡിൽ - പി എ മുഹമ്മദ് റിയാസ് , (ടൂറിസം മന്ത്രി)
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന മേഖലയായി വിനോദസഞ്ചാരം വളരുകയാണ്. കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ വിനോദസഞ്ചാര രംഗത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ്. സഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോഡ് സ്ഥാപിച്ചു. സഞ്ചാരികളെ ആകര്‍ഷിക്കാൻ ഡെസ്റ്റിനേഷനുകള്‍ കൂടുതല്‍ മികവുറ്റതാക്കുന്നു. പ്രധാന ബീച്ചുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നു.
കേരളത്തെ
മാതൃകയാക്കണം - അലക്സ് വാണ്ടേഴ്സ്, ബ്രിട്ടീഷ് വ്ളോഗർ (സമൂഹ്മാധ്യമങ്ങളിലെ
വീഡിയോയിൽ പറഞ്ഞത്)
ഞാനിപ്പോൾ തിരുവനന്തപുരത്താണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വേറൊരു രാജ്യമാണ്. ശാന്തവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണം.
കിരീടം പാലത്തിലൊരു സിനിമാ സഞ്ചാരം
‘കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി...' കിരീടം സിനിമയിലെ സേതുമാധവൻ(മോഹൻലാൽ) പ്രതീക്ഷകൾ അസ്തമിച്ച് നടന്നുനീങ്ങുന്പോൾ പശ്ചാത്തലത്തിൽ വെള്ളായണി കായലും പാലവുംകാണാം. സിനിമ പിറന്നിട്ട് 36 വർഷമായെങ്കിലും ഇന്നും വെള്ളായണിയിലെത്തുന്നവർക്ക് സേതുവിന്റെ വഴികളിലൂടെ സഞ്ചരിക്കാം. രാജ്യത്തെ ആദ്യ സിനിമാ ടൂറിസം പദ്ധതിയായ വെള്ളായണിയിലെ ‘കിരീടം പാലം’ ഉടൻ നാടിന് സമർപ്പിക്കും.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചെവലവഴിച്ചായിരുന്നു നവീകരണം. സേതുമാധവനും കീരിക്കാടൻ ജോസിനും അച്യുതൻ നായർക്കുമൊപ്പം പുഴവക്കിൽ സെൽഫിയുമെടുക്കാം. സിനിമയിലെ നാസറിന്റെ ചായക്കടയെ ഓർമപ്പെടുത്തുന്ന ‘നാസർ കഫേ'യിൽ തനത് വിഭവങ്ങൾ കഴിച്ച് പഴയ മലയാളം ഗാനങ്ങൾ ആസ്വദിക്കാം. കായൽ കാഴ്ചകൾ ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ, വിശ്രമ കൂടാരങ്ങൾ, ശുചിമുറികൾ എന്നിവയുമുണ്ട്. പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി വി ശിവൻകുട്ടിയുടെകൂടെ നിർദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 1989 ജൂലൈ ഏഴിന് റിലീസ് ചെയ്‌ത കിരീടം ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് സംവിധാനം ചെയ്‌തത്.

അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിൽ
അന്താരാഷ്ട്ര കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവൽ ലോകശ്രദ്ധനേടി. തുഷാരഗിരി കയാക്കിങ് അക്കാദമിയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. വര്‍ക്കലയില്‍ നടത്തിയ അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലും വാഗമണ്ണില്‍ നടത്തിയ ഇന്റര്‍നാഷണല്‍ പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലും സാഹസിക ടൂറിസം മേഖലക്ക് മുതല്‍കൂട്ടായി. ഗോതീശ്വരം ബീച്ചില്‍ സര്‍ഫിങ് അക്കാദമിക്കും ആക്കുളത്ത് അഡ്വഞ്ചര്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. വാഗമണില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജമാക്കി. വാഗമണിലെയും ആക്കുളത്തെയും കണ്ണാടിപ്പാലങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സുന്ദരദൃശ്യങ്ങൾ പകർത്തിയത്
ജഗത് ലാൽ
സുനോജ് നെെനാൻ മാത്യൂ
വി കെ അഭിജിത്
ജിഷ‍്ണു പൊന്നപ്പൻ
ശരത് കൽപ്പാത്തി
എം എസ് ശ്രീധർ ലാൽ







0 comments