ഓഫീസ് പൂട്ടൽ, തെരുവിൽത്തല്ല്, വിമത ശല്യം യുഡിഎഫിൽ കലാപത്തീ അണയുന്നില്ല

കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആരെന്ന് തെളിഞ്ഞെങ്കിലും യുഡിഎഫ് ജില്ലയിൽ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. ഇതുവരെയുണ്ടാകാത്തത്ര വിമതശല്യമാണ് കോൺഗ്രസിലും മുസ്ലിംലീഗിലും. ഘടകകക്ഷികളായ സിഎംപിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാകട്ടെ തങ്ങളെ സ്ഥാനാർഥി നിർണയത്തിൽ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധത്തിലും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ജയസാധ്യതയുള്ള മൂന്ന് ഡിവിഷനുകൾ മുസ്ലിംലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് ഹൊസങ്കടിയിലെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഓഫീസ് ഞായറാഴ്‌ച പ്രവർത്തകർ പൂട്ടിയിട്ടതാണ് ഒടുവിലത്തെ സംഭവം. സ്ഥാനാർഥികളെ നിർത്താനാകുന്നില്ലെങ്കിൽ പിന്നെന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളുംചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിച്ച മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് താഴിട്ടത്. പടന്നയിൽ ലീഗിന് ജയസാധ്യതയുളള സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത കലാപമാണ് ലീഗിലും കോൺഗ്രസിലും. വിമതശല്യവും നേതാക്കൾ തമ്മിലുള്ള തർക്കവും രാജിയും പുറത്താക്കലുമൊക്കെയായി പലയിടത്തും തർക്കം രൂക്ഷമാണ്. നാമനിർദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ പല വാർഡുകളിലും ലീഗിന് വിമതരുണ്ട്. കോൺഗ്രസിലും ഇതേ അവസ്ഥ. ലീഗിൽ പലയിടത്തും ഇത്തവണ തുടക്കത്തിൽ തന്നെ അടിപൊട്ടി. പടന്ന പഞ്ചായത്തിലും കാസർകോട് നഗരസഭയിലുമാണ് തർക്കം രൂക്ഷം. പടന്നയിൽ മൂന്ന് വിമത സ്ഥാനാർഥികൾ ലീഗിന് വൻ വെല്ലുവിളിയുയർത്തുകയാണ്. വിമതരെ പിൻമാറ്റാൻ ഭീഷണിയും തുടരുകയാണ്. തങ്ങൾക്ക് ലഭിച്ച ജില്ലാ പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷനിൽ കോൺഗ്രസ് സ്വതന്ത്രയ്‌ക്ക് വിട്ടുനൽകിയതിലും ലീഗിൽ ഒരുവിഭാഗത്തിന് അതൃപ്‌തിയുണ്ട്. ഇൗസ്‌റ്റ് എളേരിയിൽ 7 വിമതർ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ വർഷങ്ങളായി പോരുതുടരുന്ന ഇൗസ്‌റ്റ് എളേരി പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിമത സ്ഥാനാർഥികളുണ്ട്. ഇത്തവണ 19 സീറ്റിൽ ഏഴ് സീറ്റ് ജയിംസ് പന്തംമാക്കൽ പക്ഷം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോസഫ് മുത്തോലി നയിക്കുന്ന മറുവിഭാഗം ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി. സ്ഥാനാർഥി നിർണയത്തിൽ തുടക്കം മുതലുണ്ടായ കല്ലുകടി പത്രികകളുടെ സൂക്ഷ്‌മ പരിശോധനക്കുശേഷവും കോൺഗ്രസിൽ തുടരുകയാണ്. ജില്ലാ ഡിവിഷനുകളിൽ ലക്ഷങ്ങൾ കോഴ വാങ്ങിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന പ്രചാരണം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. കുറ്റിക്കോലിൽ ആർഎസ്‌പിക്ക് സീറ്റ് വിട്ടുനൽകിയതിലും പ്രതിഷേധം വ്യാപകമാണ്. മഞ്ചേശ്വരത്ത് ലീഗിനോടുള്ള വിരോധമല്ല പ്രതിഷേധമെന്നാണ് പ്രവർത്തകർ പറയുന്നത്. ജില്ലാ നേതൃത്വത്തോടാണ് പ്രതിഷേധമെന്നാണ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്. പലയിടത്തും ലീഗിന് അടിയറവുപറയുന്നത് ജില്ലയിൽ പാർടിയെ ഇല്ലാതാക്കുമെന്നും പ്രവർത്തകർ പറയുന്നു. മനസാക്ഷി വോട്ടിന് കേരള കോൺഗ്രസ് ഇതിനിടെ സീറ്റ് നിർണയത്തിൽ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തരോട് മനസാക്ഷി വോട്ടു ചെയ്യണമെന്ന് പരസ്യപ്രസ്‌താവനയിറക്കിയതും യുഡിഎഫിൽ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. മലയോരത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ജയസാധ്യതയെയും ചില പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനും ഇത് ഇടയാക്കമെന്ന ആശങ്കയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.







0 comments