ശൂലം വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളൊഴുകുന്നു

മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടം
മൂവാറ്റുപുഴ
കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു. കാലവർഷത്തിൽ നിറഞ്ഞ് താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനോഹരമാണ്. മാറാടി പഞ്ചായത്തിലെ 13–-ാംവാർഡിൽ ശൂലം മലകൾക്കിടയിലെ പാറക്കെട്ടുകളിലൂടെ കായനാട് ഭാഗത്തേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ ദൂരസ്ഥലങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.
മലമുകളിലുള്ള തടയണയിൽനിന്ന് വിവിധ തട്ടുകളായി പാറക്കെട്ടുകളിലൂടെ നൂറടിയിലേറെ താഴേക്കാണ് വെള്ളം പതിക്കുന്നത്. വലിയ പാറകൾ, കാട്ടുമരങ്ങൾ, വള്ളിച്ചെടികൾ, നാടൻ ഔഷധച്ചെടികൾ, കിളികളും മറ്റുമുള്ള വെള്ളച്ചാട്ടവും പരിസരവും കാണാൻ ചെറിയൊരു വനത്തിന്റെ പ്രതീതിയാണ്. മലമുകളിൽ 200 അടിയിലേറെ നീളത്തിലും 50 അടിയിലേറെ വീതിയിലും വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ പാറമടയും ആകർഷകമാണ്.
പിറവം–--മൂവാറ്റുപുഴ റോഡിൽ ശൂലംമുകൾ ബസ് സ്റ്റോപ്പിൽനിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് ഇരുവശവുമുള്ള കാടിനിടയിലൂടെയാണ് താഴേക്ക് ആളുകൾക്ക് എത്താനാവുക. സുരക്ഷാസംവിധാനം ഇല്ലാത്തതിനാൽ അപകടഭീഷണിയുണ്ട്. വിനോദസഞ്ചാരകേന്ദ്രമായി പരിഗണിച്ച് വേണ്ടത്ര സംവിധാനമൊരുക്കാൻ ഇതുവരെ പഞ്ചായത്ത് അധികൃതരും തയ്യാറായിട്ടില്ല. ചെറുകിട ജലവൈദ്യുതപദ്ധതിക്ക് സാധ്യതയുള്ളതാണ് ഇവിടം.









0 comments