കണ്ണംകുളം ജലസേചനപദ്ധതി: ടാങ്ക് നിർമാണത്തിന് എസ്‌റ്റിമേറ്റായി

പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്ത് അറക്കപ്പടി വാർഡിലെ കണ്ണംകുളം ജലസേചനപദ്ധതിയിൽ രണ്ടു ടാങ്കുകൾകൂടി നിർമിക്കാൻ 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. വാർഡിലെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അറക്കപ്പടി വില്ലേജ് ഓഫീസിനുസമീപവും എസ്എൻഡിപി ഭാഗത്തും ജലവിതരണത്തിനായുള്ള രണ്ടു പുതിയ ടാങ്കുകൾ നിർമിക്കുന്നതിനും നിലവിലുള്ള നാലു ടാങ്കുകളിൽ രണ്ടെണ്ണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള എസ്റ്റിമേറ്റാണ് ജലസേചനവകുപ്പ് തയാറാക്കിയിട്ടുള്ളത്.
അറക്കപ്പടി വാർഡിലെ കണ്ണംകുളത്ത് സ്ഥാപിച്ചിട്ടുള്ള പമ്പുഹൗസുകൾ പ്രവർത്തിപ്പിച്ചാണ് കൃഷിക്കും കുടിവെള്ളത്തിനും ജലമെത്തിക്കുന്നത്. 2000ൽ പണിപൂർത്തീകരിച്ച കണ്ണംകുളം ജലസേചനപദ്ധതിയിൽ 2021ലാണ് പമ്പിങ് തുടങ്ങിയത്. പൈപ്പിടാനുള്ള കാലതാമസമാണ് പമ്പിങ് വൈകിച്ചത്. ചെറിയ പദ്ധതികളായതിനാൽ അറക്കപ്പടി മേഖലയിലെ എല്ലാ പ്രദേശത്തേക്കും പ്രയോജനം ലഭിച്ചിരുന്നില്ല. നിലവിലുള്ള പദ്ധതിയിൽ 140 ഓളം കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തെ കൃഷികൾ വികസിപ്പിക്കുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. 17–-ാംവാർഡ് എൽഡിഎഫ് അംഗം എം പി സുരേഷ് എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.









0 comments