ജലമെട്രോ 
കടമക്കുടിയിലേക്ക്‌ ; വിളിപ്പാടകലെ കായൽദ്വീപുകൾ

water metro kadamakkudy
വെബ് ഡെസ്ക്

Published on Jul 26, 2025, 04:03 AM | 2 min read

കൊച്ചി

കൊച്ചിയുടെ കായൽസൗന്ദര്യത്തിൽ തിളങ്ങുന്ന കടമക്കുടി ദ്വീപുകളിലേക്ക്‌ യാത്രയ്‌ക്കൊരുങ്ങി കേരളത്തിന്റെ സ്വന്തം ജലമെട്രോ. വിനോദസഞ്ചാരമേഖലയിൽ ലോകശ്രദ്ധയിലേക്കുയർന്ന കായൽത്തുരുത്തുകൾക്കുമുന്നിൽ അവസരങ്ങളുടെ പുത്തൻ ആകാശം തുറക്കുന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ പാലിയംതുരുത്ത്‌, കടമക്കുടി ദ്വീപുകളിൽ ജലമെട്രോ സ്‌റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. രണ്ട്‌ സ്‌റ്റേഷനുകളുടെയും ഫ്ലോട്ടിങ്‌ ജെട്ടികളുടെ നിർമാണമാണ്‌ ഇനി നടക്കാനുള്ളത്‌. സ്‌റ്റേഷനുകളുടെ സമീപത്ത്‌ കായലിന്റെ ആഴംകൂട്ടലും വൈകാതെ പൂർത്തിയാകും.


മെട്രോ സർവീസ്‌ ഈ വർഷംതന്നെ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. കൊച്ചി കായലിനപ്പുറമിപ്പുറം മുഖാമുഖാണ്‌ പാലിയംതുരുത്ത്‌, കടമക്കുടി ജലമെട്രോ സ്‌റ്റേഷനുകൾ ഉയർന്നിട്ടുള്ളത്‌. പാലിയംതുരുത്തിലിറങ്ങിയാൽ പിഴലയിലേക്ക്‌ റോഡ്മാർഗം രണ്ടരക്കിലോമീറ്റർ യാത്രചെയ്താൽ എത്താം. കടമക്കുടി സ്റ്റേഷനിൽനിന്ന് ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരകാഴ്ചകൾ കാണാം. പിഴലയിലെ ജലമെട്രോ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. നിർമാണം ഉടനെ ആരംഭിക്കും.


10 ടെർമിനലുകളും 19 ബോട്ടുകളുമാണ്‌ ജലമെട്രോയ്‌ക്ക്‌ ഇപ്പോഴുള്ളത്‌. വൈറ്റില–- കാക്കനാട്‌, ഹൈക്കോടതി–ഫോർട്ട്‌കൊച്ചി, വൈപ്പിൻ, സൗത്ത്‌ ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലേക്കാണ്‌ ഇപ്പോൾ ജലമെട്രോ ഓടുന്നത്‌. മട്ടാഞ്ചേരി, ഐലൻഡ്‌ ടെർമിനലുകളുടെ നിർമാണം പൂർത്തിയായി.


കടമക്കുടി ദ്വീപുകളിലേക്ക്‌ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷന്റെ (കെഎസ്‌ഐഎൻസി) രണ്ട്‌ ബോട്ട് സർവീസുകൾ ഇപ്പോഴുണ്ട്‌. ഹൈക്കോടതി ജങ്‌ഷനിലെ ടെർമിനലിൽനിന്നാണ്‌ സർവീസ്‌. രാവിലെ 10.30ന്‌ ആരംഭിച്ച്‌ വൈകിട്ട്‌ നാലിന്‌ അവസാനിക്കുന്ന യാത്രയ്‌ക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ 999 രൂപ. 100 പേർക്ക്‌ യാത്ര ചെയ്യാം. കഴിഞ്ഞവർഷം 7325 പേർ ഈ സൗകര്യം ഉപയോഗിച്ചുവെന്ന്‌ എംഡി ആർ ഗിരിജ പറഞ്ഞു.


വിളിപ്പാടകലെ കായൽദ്വീപുകൾ

നഗരത്തിൽനിന്ന്‌ എട്ടുകിലോമീറ്റർമാത്രം അകലെയാണ് കടമക്കുടി ദ്വീപ്‌സമൂഹം.

വലിയകടമക്കുടി, മുരിക്കൽ, പാളയംതുരുത്ത്, പിഴല, ചെറിയകടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കടമക്കുടി തുടങ്ങി 14 ചെറുദ്വീപുകളുടെ സമൂഹമാണിത്‌. ഇവിടേക്കുള്ള യാത്രയ്‌ക്ക്‌ ബോട്ടുകളും വഞ്ചികളുംമാത്രമാണ്‌ മുമ്പുണ്ടായിരുന്നത്‌. ഇപ്പോൾ റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളുണ്ട്‌.


വൈപ്പിൻ ദ്വീപ്‌പ്രദേശങ്ങളിലും ജലമെട്രോ ടെർമിനലുകളുടെ നിർമാണത്തിന്‌ നടപടികളായിട്ടുണ്ട്‌. മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂർ, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി എന്നിവിടങ്ങളിൽ ടെർമിനൽ നിർമാണത്തിന്‌ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കി. ടെൻഡർ ചെയ്യാനുള്ള നടപടികളാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home