11ന്‌ ഉദ്‌ഘാടനം, മുഖ്യമന്ത്രി എത്തും

ജലമെട്രോ, ഐലൻഡിനെ തൊട്ട്‌ മട്ടാഞ്ചേരിയിലേക്ക്‌

water metro
വെബ് ഡെസ്ക്

Published on Oct 08, 2025, 02:40 AM | 1 min read


കൊച്ചി

കേരളത്തിന്റെ സ്വന്തം ജലമെട്രോ പൈതൃകനഗരമായ മട്ടാഞ്ചേരിയെ തൊടുന്നു. കൊച്ചിയുടെ കായൽഭംഗിക്ക്‌ ഇണങ്ങുംവിധം നിർമാണം പൂർത്തിയാക്കിയ മട്ടാഞ്ചേരി ടെർമിനലിലേക്കും വില്ലിങ്‌ഡൺ ഐലൻഡിലേക്കുമുള്ള സർവീസുകൾ ശനി രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫോർട്ട്‌ കൊച്ചിക്ക്‌ പിന്നാലെ മട്ടാഞ്ചേരി, ഐലൻഡ്‌ എന്നിവിടങ്ങളിലേക്കും ജലമെട്രോ എത്തുന്നത്‌ കൊച്ചിയുടെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഇരട്ടി കുതിപ്പേകും.


മട്ടാഞ്ചേരി ടെർമിനലിലാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. തുടർന്ന്‌ അവിടെനിന്ന്‌ ഐലൻഡിലേക്ക്‌ മുഖ്യമന്ത്രിയുമായി ആദ്യയാത്രയും ആലോചനയിലുണ്ട്‌. രണ്ട്‌ ടെർമിനലുകളിലേക്കും പിറ്റേന്നുമുതൽ സർവീസുകൾ ആരംഭിക്കുമെന്ന്‌ ജലമെട്രോ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു. ഹൈക്കോടതി ടെർമിനലിൽനിന്ന്‌ ഐലൻഡിലേക്കും അവിടെനിന്ന്‌ മട്ടാഞ്ചേരിയിലേക്കും തിരിച്ചുമായിരിക്കും സർവീസ്‌. രണ്ട്‌ ബോട്ടുകൾ അതിനായുണ്ടാകും. ബോട്ടുകളുടെ ലഭ്യതയും യാത്രാത്തിരക്കും പരിഗണിച്ച്‌ മാറ്റംവരുത്താനാണ്‌ ആലോചന. കൊച്ചി കപ്പൽശാലയിൽനിന്ന്‌ കൂടുതൽ ബോട്ടുകൾ ഇ‍ൗ വർഷം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.


ജലമെട്രോ സർവീസ്‌ പാതയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ടെർമിനലുകളാണ്‌ മട്ടാഞ്ചേരിയിലും ഐലൻഡിലും തുറക്കുന്നത്‌. പൂർണമായി കായൽപ്പരപ്പിന്‌ മുകളിൽ നിർമിച്ച രണ്ടാമത്തെയും മൂന്നാമത്തെയും ടെർമിനലുകൾ കൂടിയാണിത്‌. ഹൈക്കോർട്ട്‌ ടെർമിനലാണ്‌ ആദ്യത്തേത്‌. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ തടസ്സങ്ങൾ നീങ്ങി നിർമാണം പൂർത്തിയാക്കിയ ടെർമിനൽ എന്ന പ്രത്യേകതയും മട്ടാഞ്ചേരിക്കുണ്ട്‌. 2019ൽ നിർമാണമാരംഭിച്ചെങ്കിലും കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച പദ്ധതി വൈകിച്ചു. തുടർന്ന്‌ കെ ജെ മാക്‌സി എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട്‌ വിവരങ്ങൾ ധരിപ്പിച്ചതോടെ തടസ്സങ്ങൾ നീക്കാൻ മുഖ്യമന്ത്രി അതിവേഗം ഇടപെട്ടു. തുടർന്ന്‌ നിർമാണം പുനരാരംഭിക്കുകയായിരുന്നു.


അഞ്ച് റൂട്ടുകളിലായി 24 കിലോമീറ്ററോളമാണ്‌ ഇപ്പോൾ ജലമെട്രോ സർവീസുള്ളത്‌. ഹൈക്കോടതി, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് ടെർമിനലുകളിലേക്കായി 20 ബോട്ടുകൾ സർവീസ്‌ നടത്തുന്നു. അഞ്ച്‌ ടെർമിനലുകളുടെ നിർമാണം നടക്കുന്നതിൽ കുമ്പളം, പാലിയംതുരുത്ത്. കടമക്കുടി എന്നിവിടങ്ങളിൽ വൈകാതെ പണി പൂർത്തിയാക്കും.

​പൂർണമായും സംസ്ഥാന ഉടമസ്ഥതയിലുള്ള ജലമെട്രോ 2023 ഏപ്രിലിലാണ്‌ സർവീസ്‌ ആരംഭിച്ചത്‌. ഇതുവരെ 50 ലക്ഷത്തിലേറെപ്പേരാണ്‌ ഇതിൽ യാത്രചെയ്‌തത്‌.




deshabhimani section

Related News

View More
0 comments
Sort by

Home