മന്ത്രി പി രാജീവ്‌ പ്രഖ്യാപനം നടത്തി

കൊച്ചി ഇനി മാലിന്യമുക്തനഗരം ; ഒന്നാമതെത്തിച്ചവർക്ക്‌ ആദരം

wastefree
വെബ് ഡെസ്ക്

Published on Nov 01, 2025, 04:15 AM | 2 min read


കൊച്ചി

മാലിന്യമുക്തനഗരമെന്ന നേട്ടവും സ്വന്തമാക്കി കൊച്ചി. നഗരം മാലിന്യമുക്തമായതിന്റെ പ്രഖ്യാപനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു. മാലിന്യ, ശുചീകരണ രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുകയും കേന്ദ്രസർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിൽ സംസ്ഥാനതലത്തിൽ കൊച്ചിയെ ഒന്നാമതെത്തിക്കുകയും ചെയ്‌ത ഹരിതകർമസേനാ അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ആദരംകൂടിയായപ്പോൾ പ്രഖ്യാപനത്തിന്‌ മാറ്റ്‌ കൂടി. മാലിന്യം ശേഖരിക്കാനായുള്ള 10 ഇലക്ട്രിക്‌ കാർട്ടുകളുടെ ഫ്ലാഗ്‌ഓഫും മന്ത്രി നടത്തി. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആണ്‌ ഗാർബേജ് ബോക്സും ടിപിങ്‌ മെക്കാനിസവും ഘടിപ്പിച്ച പത്ത് ഇലക്ട്രിക് കാർട്ടുകൾ നിർമിച്ച്‌ കോർപറേഷന്‌ കൈമാറിയത്‌.


മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷരായ സി ഡി വത്സലകുമാരി, വി എ ശ്രീജിത്ത്‌, സി എ ഷക്കീർ, സീന ഗോകുലൻ, ടി കെ അഷ്‌റഫ്‌, മാലിനികുറുപ്പ്‌, ജെ സനിൽമോൻ, മെട്രോപൊളിറ്റൻ ആസൂത്രണസമിതി ചെയർമാൻ ബെനഡിക്ട്‌ -ഫെർണാണ്ടസ്‌, കേരള ഓട്ടോമൊബൈൽസ് എംഡി വി എസ് രാജീവ്, പി എൻ സീനുലാൽ, കെ വി മനോജ്‌ എന്നിവർ സംസാരിച്ചു. കോർപറേഷൻ സെക്രട്ടറി പി എസ്‌ ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാന്പയിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തും കൃത്യമായി നടപ്പാക്കിയുമാണ്‌ കൊച്ചി മാലിന്യമുക്ത നഗരമായത്‌.


അസാധ്യമായത്‌ സാധ്യമാക്കി: മന്ത്രി പി രാജീവ്‌

മാലിന്യസംസ്‌കരണ മേഖലയിലുൾപ്പെടെ കൊച്ചി അഭിമാനമായി മാറിയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. വലിയ മാറ്റമാണ്‌ സൃഷ്ടിച്ചത്‌. അസാധ്യമായത്‌ സാധ്യമാക്കി. ബ്രഹ്മപുരത്ത്‌ ഒന്നും നടക്കില്ലെന്ന്‌ ചിലർ പറഞ്ഞു. അവിടെയിപ്പോൾ സിബിജി പ്ലാന്റ്‌ ഒരുക്കി. ബയോമൈനിങ്‌ 90 ശതമാനവും പൂർത്തിയാക്കി. നേരത്തേ ബിപിസിഎൽ പദ്ധതിയുമായി സമീപിച്ചപ്പോൾ മുന്പുണ്ടായിരുന്ന കോർപറേഷൻ ഭരണസമിതി അനുവദിച്ചിരുന്നില്ല. കൊച്ചി കൈവരിച്ച നേട്ടങ്ങൾക്ക്‌ തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.


നേട്ടത്തിനുപിന്നിൽ 
ശുചീകരണ 
തൊഴിലാളികൾ: മേയർ

ശുചിത്വ റാങ്കിങ്ങിൽ കൊച്ചി സംസ്ഥാനത്ത്‌ ഒന്നാമതും ദേശീയതലത്തിൽ 50–ാം സ്ഥാനത്തും എത്തിയതിനുപിന്നിൽ ശുചീകരണ തൊഴിലാളികളാണെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ റാങ്കല്ല, കേന്ദ്രസർക്കാരിന്റേതാണ്‌. ശുചീകരണ തൊഴിലാളികളാണ്‌ കൊച്ചിയെ ഒന്നാമതെത്തിച്ചത്‌. ബ്രഹ്മപുരം പ്ലാന്റിന്റെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. പ്ലാന്റിനുള്ളിലെ റോഡിന്റെയും ഷെഡ്ഡിന്റെയും പ്രവൃത്തിയാണ് ശേഷിക്കുന്നത്‌– മേയർ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Home