നെടുമ്പാശേരി ബാങ്ക് അഴിമതി ; കുറ്റക്കാർക്കെതിരെ നടപടി വേണം : സിപിഐ എം

udf scam
വെബ് ഡെസ്ക്

Published on Aug 07, 2025, 03:18 AM | 1 min read


നെടുമ്പാശേരി

യുഡിഎഫ് ഭരിക്കുന്ന നെടുമ്പാശേരി സഹകരണ ബാങ്കിൽ കോൺഗ്രസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വൻക്രമക്കേടുകൾ നടന്നുവെന്ന് പ്രസിഡന്റായിരുന്ന പി പി ഐസക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


തുടർച്ചയായി കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ വായ്പ അനുവദിക്കുന്നതിൽ ഉൾപ്പെടെ ക്രമക്കേട് നടക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. പ്രസിഡന്റുതന്നെ വാർത്താസമ്മേളനത്തിലൂടെ കോടികളുടെ അഴിമതി നടന്നതായി വെളിപ്പെടുത്തിയത് അതീവഗൗരവമാണ്. പഞ്ചായത്തിലെ സഹകാരികളുടെ വലിയ നിക്ഷേപമുള്ള ബാങ്കിൽ ഏതാനും വർഷങ്ങളായി മൂല്യംകുറഞ്ഞ ഭൂമി ഈടുവച്ചും ഭരണസമിതി അംഗങ്ങൾക്ക് ബിനാമി പേരുകളിൽ വ്യവസ്ഥകൾ ലംഘിച്ച് വായ്പ നൽകിയും വലിയ ക്രമക്കേടും അഴിമതിയും നടത്തിയതായി പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ക്രമക്കേടുകൾക്ക് ജില്ലാ നേതാക്കൾക്കും ആലുവ എംഎൽഎക്കും പങ്കുള്ളതായി കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നു.


നെടുമ്പാശേരി കോൺഗ്രസിലെ ഗ്രൂപ്പുതർക്കങ്ങൾ പരിഹരിക്കാൻ പ്രസിഡന്റുസ്ഥാനം വീതംവച്ച് നൽകി സഹകാരികളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് നടക്കുന്നത്. സഹകരണവകുപ്പ് സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്കിനെ വിശ്വസിച്ച സഹകാരികൾ കബളിപ്പിക്കപ്പെടും. മാധ്യമങ്ങൾക്കുമുന്നിൽ ബാങ്ക് പ്രസിഡന്റായിരുന്ന പി പി ഐസക് അക്കമിട്ട് നിരത്തിയ ക്രമക്കേടുകൾ മാത്രമല്ല, ബാങ്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലുണ്ടായ വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന് സഹകരണമേഖലയുടെ വിശ്വാസ്യത കാക്കാൻ സഹകരണവകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് സിപിഐ എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി സോമശേഖരൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home