അഴിമതിയും സ്വജനപക്ഷപാതവും ; ട്വന്റി 20 ഭരണത്തിൽ തകർന്ന് ഐക്കരനാട്

കടയിരുപ്പ് ലക്ഷംവീട് നഗറില്‍ ശോച്യാവസ്ഥയിലായ വീടുകൾ
എൻ കെ ജിബി
Published on Oct 11, 2025, 03:38 AM | 1 min read
കോലഞ്ചേരി
ട്വന്റി 20 ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നഷ്‌ടപ്പെടുത്തിയത് ഐക്കരനാട് പഞ്ചായത്തിന്റെ അഞ്ച് വർഷം. പുതുതായി ഒരു പദ്ധതിയും ഭരണസമിതി നടപ്പാക്കിയില്ല. പദ്ധതി നിർവഹണത്തിലെ പരാജയം പഞ്ചായത്തിനെ വികസനമുരടിപ്പിലാക്കി. സർക്കാർ അനുവദിച്ച പദ്ധതിവിഹിതംപോലും കൃത്യമായി വിനിയോഗിക്കാൻ രാഷ്ട്രീയവൈരത്താൽ ഭരണസമിതി തയ്യാറായില്ല.
കഴിഞ്ഞ തെരഞ്ഞടുപ്പിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി. 2021–-22 സാമ്പത്തിക വർഷത്തിൽ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗം 48 ശതമാനം മാത്രമായി കുറഞ്ഞതോടെ 10,70,1590 രൂപയാണ് നഷ്ടമായത്. ഈ വർഷം 30 ശതമാനമായി കുറഞ്ഞപ്പോൾ 3,38,8026 രൂപ നഷ്ടമായി. 2023–-24 വർഷം ധനകാര്യ കമീഷൻ ഗ്രാന്റ് ഇനത്തിൽ അനുവദിച്ച തുകയുടെ 15 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ഇതുമൂലമുണ്ടായ നഷ്ടം 79,31,497 രൂപയാണ്.
വിവിധ വികസന പദ്ധതികൾക്കായി സർക്കാർ അനുവദിച്ച 5,39,86,498 രൂപയാണ് ഭരണസമിതിയുടെ പിടിപ്പുകേടുമൂലം നഷ്ടമായത്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം എന്നിവ പഞ്ചായത്തിന് താൽപ്പര്യമുള്ള വിഷയമല്ലാതായി മാറി. ജനകീയാസൂത്രണ പദ്ധതിയിലെ വർക്കിങ് ഗ്രൂപ്പുകളിൽ ട്വന്റി 20യിൽപ്പെട്ടവർ മാത്രമായതോടെ പദ്ധതികൾതന്നെ അവതാളത്തിലായി. പഞ്ചായത്തിലെ 21 അങ്കണവാടികളിൽ 11ലും ഹെൽപ്പർമാരില്ല. സർക്കാർ നിർദേശപ്രകാരമുള്ള ഇന്റർവ്യൂ ബോർഡിനെ നിശ്ചയിച്ച് നിയമനം നടത്താനായിട്ടില്ല. ഗ്രാമീണറോഡുകളുടെ സ്ഥിതിയും ദയനീയം. നമ്പ്യാരുപടി–കറുകപ്പിള്ളി, ഞെരിയാംകുഴി- –കരിപ്പാതാഴം, തോന്നിക്ക–കോർപോലിതാഴം, കടയിരുപ്പ്–കൃഷിഭവൻ എൽപിഎസ്, ചക്കുങ്ങൽ കോളനി, കൊതുകാട്ടിപീടിക -–പെരിങ്ങോൾ സൺഡേ സ്കൂൾ, ഞെരിയാംകുഴി–ആരമ്പിള്ളിത്താഴം എന്നീ ഗ്രാമീണ റോഡുകളിലൂടെ ഗതാഗതം ദുഷ്കരമായി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 180 ഹെക്ടർ ഉണ്ടായിരുന്ന കൃഷി ഇപ്പോർ 50 ഹെക്ടറിൽ താഴെ
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി
കട്ടച്ചിറക്കുന്നേൽ, ചെമ്പൻമല, എഴിപ്രം സെറ്റിൽമെന്റ് നഗർ, ഇരുമ്പായിക്കുടി എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം
പഴന്തോട്ടം കുഴിക്കാട്ടുമോളം കുടിവെള്ളപദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു
ലക്ഷംവീട് നഗറിലെ ഇരട്ടവീടുകൾ ഒറ്റവീടാക്കുന്ന പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി
കടയിരുപ്പ് ലക്ഷംവീട് നഗറിലെ അഞ്ച് ഇരട്ടവീടുകൾ നിലംപൊത്താറായി
പഴന്തോട്ടത്തെ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ച് കച്ചവടക്കാരെ ഒഴിവാക്കിയിട്ട് മൂന്ന് വർഷം









0 comments