കുന്നത്തുനാട്ടിൽ പാഴ്വാക്കായി വികസനം
അഞ്ചുവർഷം വെറുതെകളഞ്ഞ് ട്വന്റി 20

പള്ളിക്കരയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഒളിമ്പ്യൻ ശ്രീജേഷ് സ്റ്റേഡിയം
എൻ കെ ജിബി
Published on Oct 12, 2025, 02:06 AM | 1 min read
കോലഞ്ചേരി
വികസനപ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കുന്നത്തുനാട് പഞ്ചായത്തിലെ ട്വന്റി 20 ഭരണസമിതി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും പഞ്ചായത്തിന്റെ വികസനസ്വപ്‌നങ്ങൾ പാഴാക്കി. അഴിമതിയുടെ പേരിൽ പ്രസിഡന്റിനെ പുറത്താക്കിയവർതന്നെ മണ്ണുമാഫിയകളിൽനിന്നും മാലിന്യം തള്ളുന്നവരിൽനിന്നും കമീഷൻ പറ്റുന്നവരായി മാറി. വൈസ് പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അഴിമതി ആരോപണവുമായി രംഗത്തുവന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതുമൂലം ഇവർ കൂട്ടത്തോടെ അവധിയെടുക്കുന്നതും സ്ഥലംമാറിപ്പോകുന്നതും പതിവായി. ഇതോടെ സ്ഥിരമായി ജീവനക്കാരില്ലാതെവന്നത് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കി. സ്‌ട്രീറ്റ് ലൈറ്റ് ചലഞ്ച് നടത്തി സ്വകാര്യവ്യക്തികളിൽനിന്ന് പിരിച്ച ലക്ഷക്കണക്കിന് രൂപ ട്വന്റി 20 നേതൃത്വം കൈവശപ്പെടുത്തി. 2025-–26 വാർഷികപദ്ധതിക്ക് അംഗീകാരം ലഭിക്കാത്ത ജില്ലയിലെ ഏക പഞ്ചായത്തായി കുന്നത്തുനാട്. ഇതുമൂലം പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ലഭിക്കേണ്ട സർക്കാർ ഫണ്ടുകൾ നഷ്ടമായി.
പള്ളിക്കരയിലും പട്ടിമറ്റത്തും കംഫർട്ട് സ്റ്റേഷൻ നിർമിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.
ഗ്രാമീണ റോഡുകളടക്കം ആധുനികനിലവാരത്തിൽ ടാറിങ് നടത്തുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങി.
പുന്നോർക്കോട്–കയ്യാലക്കുടി, പുന്നോർക്കോട്–-ഞാറള്ളൂർ, വെമ്പിള്ളി– സംസ്കൃതി, പിണർമുണ്ട–-മാവുളം തുടങ്ങി ഭൂരിഭാഗം റോഡുകളും തകർന്നു.
കുമാരപുരത്ത് നിർമാണം ആരംഭിച്ച ഒളിമ്പ്യൻ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയം തുടർനടപടികളില്ലാതെ കാടുപിടിച്ചു.
നിർമാണം പൂർത്തിയാക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടും ഏറ്റെടുക്കാൻ ഭരണസമിതി തയ്യാറായില്ല.
പട്ടികജാതി ഫണ്ട് വിനിയോഗിക്കാതെ പാഴായി.
കുമാരപുരം, പട്ടിമറ്റം കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് സർക്കാർ സഹായം ലഭ്യമായിട്ടും പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല.
കന്നുകുട്ടി, കട്ടിൽ വിതരണ പദ്ധതിയിൽ വ്യാപക അഴിമതി.
പട്ടിമറ്റത്തെ കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ സ്റ്റേഡിയവും തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി.
പിണർമുണ്ട–ആനിയങ്കര റോഡ് നിർമാണത്തിലും പിണർമുണ്ട അങ്കണവാടി നിർമാണത്തിലും നടന്ന അഴിമതികളെക്കുറിച്ച് വ്യാപകപരാതി.









0 comments