കുരുക്കിലമർന്ന് അങ്കമാലി നഗരം ; കുരുക്കഴിയാതെ ഇടപ്പള്ളി–കോട്ടപ്പുറം പാതയും

ദേശീയപാതയിൽ അങ്കമാലി കോതകുളങ്ങരയിലെ വാഹനങ്ങളുടെ നീണ്ടനിര
അങ്കമാലി
ദേശീയപാത 544 മണ്ണുത്തി– ഇടപ്പള്ളി പാതയുടെയും അടിപ്പാതയുടെയും നിർമാണത്തിന്റെ ഭാഗമായി കുരുക്കിലമർന്ന് അങ്കമാലി നഗരം. പാതയിൽ വാഹനങ്ങൾ നിരയായി കിടക്കുന്നത് മണിക്കൂറുകളോളം. എംസി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. കോതകുളങ്ങരമുതൽ അങ്കമാലി ജങ്ഷൻവരെ മൂന്ന് കിലോമീറ്റർ പലപ്പോഴും വാഹനങ്ങളുടെ നിരയാണ്.
ആംബുലൻസിനുപോലും കടന്നുപോകാനാകാത്തവിധം വാഹനങ്ങൾ ദേശീയപാതയിൽ മതിൽപോലെയാണ് നിൽപ്പ്. ജീവൻ പണയംവച്ചാണ് കാൽനടയാത്രക്കാർ റോഡ് കുറുകെ കടക്കുന്നത്. എംസി റോഡും ദേശീയപാതയും ചേരുന്നിടമാണ് അങ്കമാലി ജങ്ഷൻ. അതുകൊണ്ടുതന്നെ വാഹന പെരുപ്പംമൂലം പട്ടണം വീർപ്പുമുട്ടുകയാണ്. ഇതിനിടയിലാണ് തൃശൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്കും അങ്കമാലിയെ ബാധിച്ചത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ അങ്കമാലി ജങ്‌ഷനിലെത്തി എംസി റോഡ് വഴിയാണ് പോകേണ്ടത്. ഗതാഗതക്കുരുക്കിൽ പലപ്പോഴും യഥാസമയം വിമാനത്താവളത്തിലെത്തിപ്പെടാൻ കഴിയാതെ യാത്രക്കാർ വലയുകയാണ്. ഇതിനുപുറമെ ബസ് സർവീസുകൾക്കും സമയക്രമം പാലിക്കാനാകുന്നില്ല. സർവീസുകൾ താളം തെറ്റി. ആവശ്യക്കാർക്ക് ഓഫീസുകളിലും സ്‌കൂളുകളിലും സമയത്തിന് എത്തിപ്പെടാൻ കഴിയുന്നില്ല. തുടർച്ചയായുള്ള ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പുല്ലുവിലയാണ് ദേശീയപാത അധികാരികൾ നൽകുന്നത്.
കുരുക്കഴിയാതെ ഇടപ്പള്ളി–കോട്ടപ്പുറം പാതയും
ദേശീയപാത 66 ഇടപ്പള്ളി–- കോട്ടപ്പുറം റോഡിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത 544 മണ്ണുത്തി– -ഇടപ്പള്ളി ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ ഇതിലൂടെ തിരിച്ചുവിടുന്നതാണ് ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നത്. നിലവിൽ കോട്ടപ്പുറം–ഇടപ്പള്ളി പാത ശോച്യാവസ്ഥയിലാണ്. വഴിതിരിച്ചുവിടുന്ന വാഹനങ്ങൾകൂടിയായതോടെ പ്രദേശവാസികളും ദുരിതത്തിലായി. ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങുന്നത്.
കോട്ടപ്പുറത്തെ രണ്ട് പാലങ്ങളിലെ വലിയകുഴികൾ കാരണം, രണ്ട് കിലോമീറ്റർ ദൂരമുള്ള മൂത്തകുന്നത്ത് എത്താൻ അരമണിക്കൂർവരെ കാത്തുകിടക്കണം. മൂത്തകുന്നം പിന്നിട്ടാൽ ഇടപ്പള്ളിവരെയുള്ള റോഡ് കുണ്ടുംകുഴിയുമാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്നുള്ള കണ്ടെയ്നർ ലോറികൾ പകൽനേരം കടന്നുപോകുന്നതും വലിയ ഗതാഗതപ്രശ്നങ്ങൾക്കിടയാക്കുന്നു.
കോട്ടപ്പുറം പിന്നിട്ടാൽ ചേരാനല്ലുർ കവലവരെ നിലവിലെ റോഡിന് വീതി കുറവാണ്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ ഇരുചക്രവാഹനങ്ങളും റോഡിലിറങ്ങുന്നതോടെ യാത്രാദുരിതമേറുന്നു. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള നിരവധി ദീർഘദൂര ബസുകൾ ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തരമായി ടാറിങ് നടത്തണമെന്ന ആവശ്യം ദേശീയപാത അധികൃതർ പരിഗണിക്കുന്നില്ല. കുഴികളിൽ വീണ് വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ 20നകം ടാറിങ് പൂർത്തിയാക്കാമെന്ന ദേശീയപാത അധികൃതർ ഉറപ്പുനൽകിയെങ്കിലും ജലരേഖയായി.









0 comments