കറുകുറ്റിയിൽ ടൂറിസത്തിന് അനന്തസാധ്യത; നടപ്പാക്കാനാളില്ല

അങ്കമാലി
ടൂറിസം സാധ്യതകളും അനുബന്ധ തൊഴിലവസരങ്ങളും ഉപയോഗപ്പെടുത്താൻ കഴിയാതെ കറുകുറ്റി പഞ്ചായത്തിലെ കോൺഗ്രസ് ഭരണം 15 വർഷം പിന്നിടുന്നു. ജില്ലയുടെ വടക്കേ അറ്റത്തായി ചാലക്കുടി പുഴയുടെ ഓരത്തോടുചേർന്നാണ് പഞ്ചായത്ത്. പ്രകൃതിഗ്രാമം ഉൾപ്പെടുന്ന ഏഴാറ്റുമുഖംമുതൽ മുന്നൂർപ്പിള്ളിവരെ വിസ്തൃതമായ പുഴയോരം പഞ്ചായത്തിലുണ്ട്.
ഇതിനിടയിൽവരുന്ന വളവുപാറ ആകർഷണീയമായ ടൂറിസ്റ്റ് സാധ്യതകളുള്ള പ്രദേശമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെടുന്ന പ്രകൃതിഗ്രാമം ഒഴിച്ചാൽ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികൾ പ്രകൃതിഗ്രാമത്തിൽ വന്നുപോകുന്നുണ്ട്.
പഞ്ചായത്ത് അതിർത്തിയിൽ വരുന്ന പുഴയോരം കേന്ദ്രമാക്കി വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയാൽ ഒട്ടേറെ തൊഴിലവസരങ്ങളാണ് ലഭിക്കുക. ഒന്നരപ്പതിറ്റാണ്ട് ഭരണം നടത്തിയിട്ടും നാടിനെയും ജനങ്ങളെയും ചേർത്തുപിടിക്കാൻ ഇടപെടാത്ത ഭരണക്കാർക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കൺവീനർ പി വി ടോമി പറഞ്ഞു.









0 comments