പാത്തിപ്പാലത്തെ പഴയ പാലം അപകടാവസ്ഥയിൽ

പി പി റോഡിൽ അപകടാവസ്ഥയിലായ പഴയ പാത്തിപ്പാലം
പെരുമ്പാവൂർ
പാത്തിപ്പാലം പഴയ പാലം അപകടാവസ്ഥയിൽ. ഒരു ഭാഗം ഇടിഞ്ഞതോടെ പാലത്തിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബോർഡ് സ്ഥാപിച്ചിട്ടും കാറുകളും ഓട്ടോറിക്ഷകളും ഓടുന്നതിനാൽ കോൺക്രീറ്റ് അവശിഷ്ടങ്ങളും പാറക്കല്ലുകളും കൊണ്ടിട്ട് പാലം പൂർണമായും അടച്ചു.
പിപി റോഡിൽ 60 വർഷംമുമ്പ് പാത്തി തോടിന്റെ മുകളിൽ പണി കഴിപ്പിച്ച പാലത്തിലൂടെ പുതിയ പാലം വന്നതോടെ ഭാരവാഹനങ്ങൾ കയറ്റാറില്ല. പുതിയ പാലത്തിൽ ഗതാഗതക്കുരുക്ക് വരുമ്പോൾ ബൈപാസ് പാലമായി ഉപയോഗിക്കാറുണ്ടെങ്കിലും ഒരുമാസംമുമ്പ് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു.
ഇരുമ്പുകൈവരികൾ ആരോ മോഷ്ടിച്ചു. പഴയ പാലത്തിനുസമീപം സ്വകാര്യ ആശുപത്രി, മീൻ മാർക്കറ്റുകൾ, പ്ലൈവുഡ് ഫാക്ടറി, പച്ചക്കറി–-മാംസ വിൽപ്പനശാല എന്നിവയുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിൽ പാലവും ആശുപത്രിയും കച്ചവടസ്ഥാപനങ്ങളും മുങ്ങി. അതിനുശേഷം പാലം അപകടാവസ്ഥയിലായി.
കനത്ത മഴയിൽ പാത്തി തോട്ടിലെ ഒഴുക്ക് ശക്തമായപ്പോഴാണ് പാലത്തിനു മുകളിൽ വിള്ളൽ തുടങ്ങിയത്. ഗതാഗതം നിരോധിക്കണമെന്ന് സിപിഐ എം വെങ്ങോല ലോക്കൽ സെക്രട്ടറി സി വി ഐസക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.









0 comments