നിയമത്തിന്റെ കടുപ്പമറിഞ്ഞ് സുബ്ബയ്യയുടെ ചായ‘ക്കൂട്ട്’

ആർ ഹേമലത
Published on Jun 07, 2025, 02:49 AM | 1 min read
കൊച്ചി
ലോ കോളേജ് ക്ലാസ്‌മുറിയിലെ കടുകട്ടി നിയമങ്ങൾക്കിടയിൽ ആശ്വാസമാണ് സുബ്ബയ്യയുടെ ചായ. ആവശ്യക്കാരന്റെ അഭിരുചിയനുസരിച്ചാണ് കടുപ്പവും മധുരവും. അതുകൊണ്ടുതന്നെ, പിന്നീട് പദവിയുടെ പടവുകൾ കയറിപ്പോയവർപോലും സമയമുണ്ടെങ്കിൽ എറണാകുളം ലോ കോളേജിന് മുന്നിലെത്തുമ്പോൾ ഒന്നു ബ്രേക്കിടും. ബാച്ചുകൾ പലതും പഠിച്ചിറങ്ങിപോയിട്ടും കോളേജ് ഗേറ്റിൽ ഒതുക്കിവച്ച സുബ്ബയ്യയുടെ ചായവണ്ടി നാലുപതിറ്റാണ്ടിലേറെയായി അവിടെയുണ്ട്.
മധുരംകൂട്ടി സ്‌ട്രോങ്, കടുപ്പത്തിൽ കാപ്പി, ഇഞ്ചിച്ചായ, വിത്തൗട്ട് എന്നിങ്ങനെ ഓരോരുത്തരുടെയും ശീലങ്ങൾക്കിണങ്ങുന്നത് മടുപ്പില്ലാതെ വിളമ്പും. രാവിലെ ഒമ്പതുമുതൽ 12 വരെയും പകൽ 1.45 മുതൽ രാത്രി ഏഴുവരെയും സുബ്ബയ്യ ക്യാമ്പസിലുണ്ടാകും. നിത്യവും 300ലധികം ചായ വിൽക്കും. ചായ വിറ്റ് സമ്പാദിച്ച സൗഹൃദങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാരും മന്ത്രിമാരും എംപിമാരുമൊക്കെയുണ്ട്.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ അച്ഛൻ രാമസ്വാമിക്കൊപ്പം 11–-ാം വയസ്സിലാണ് സുബ്ബയ്യ കൊച്ചിയിലെത്തിയത്. ഇപ്പോൾ വയസ്സ് 59. സ്‌കൂളിൽ പോയിട്ടില്ല. അച്ഛനാണ് ചായക്കച്ചവടം പഠിപ്പിച്ചത്. അന്ന് വാങ്ങിയ സൈക്കിളാണ് ഇന്നും കൂട്ടിന്.
30 പൈസയ്‌ക്കാണ് ആദ്യം ചായ വിറ്റിരുന്നത്. പച്ചാളത്ത് വാങ്ങിയ നാലുസെന്റിൽ സ്വന്തമായി വീടുവച്ചു. ഭാര്യ പേച്ചി അമ്മാൾക്കൊപ്പമാണ് താമസം. മക്കൾ രണ്ടുപേരും തമിഴ്‌നാട്ടിൽ പഠിച്ച് ബിരുദധാരികളായി. തമിഴ്‌നാട് പൊലീസിൽ ജോലി കിട്ടിയെങ്കിലും കേരളം മതി എന്നവർ തീരുമാനിച്ചു. അങ്കമാലിയിലും എറണാകുളത്തുമായി ചായക്കച്ചവടംതന്നെ ജീവിതമാർഗമായി സ്വീകരിച്ചു. ഭാര്യ അർബുദബാധിതയായപ്പോൾ ചികിത്സയ്‌ക്കായി ലോ കോളേജിലെ പൂർവവിദ്യാർഥികൾ അകമഴിഞ്ഞ് സഹായിച്ചെന്ന് സുബ്ബയ്യ. ഹരിതകേരള മിഷന്റെ ഇടപെടലിലൂടെ പരിസ്ഥിതിസൗഹൃദമാക്കി കച്ചവടം. ആറുമാസമായി കടലാസ് കപ്പ് ഉപേക്ഷിച്ച് സ്‌റ്റീൽ ഗ്ലാസിലാണ് വിൽപ്പന.









0 comments