30 വിദ്യാർഥികൾക്കും 40 ഫാക്കൽറ്റി അംഗങ്ങൾക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോ സെഷനിലും രാഷ്‌ട്രപതി പങ്കെടുക്കും
സെന്റ് തെരേസാസ് കോളേജ് ശതാബ്ദി നിറവിൽ ; ആഘോഷത്തിൽ പങ്കാളിയാകാൻ രാഷ്‌ട്രപതി

രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കൊച്ചി
എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിശിഷ്ടാതിഥിയാകും. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വെള്ളി പകൽ 11-.55ന് നടക്കുന്ന പരിപാടിയിൽ കോളേജിന്റെ ശതാബ്ദി ലോഗോയും രാഷ്ട്രപതി പ്രകാശിപ്പിക്കും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, മേയർ എം അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർക്കൊപ്പം സഭ, കോളേജ് അധികാരികളും പങ്കെടുക്കും.
ചടങ്ങിന് മുന്നോടിയായി 30 വിദ്യാർഥികൾക്കും 40 ഫാക്കൽറ്റി അംഗങ്ങൾക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോ സെഷനിലും രാഷ്‌ട്രപതി പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 1632 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ഇതിൽ 839 വിദ്യാർഥിനികൾ, 220 എൻഎസ്എസ്-–എൻസിസി വളന്റിയർമാർ, 225 അധ്യാപകർ, 200-ലധികം വിവിഐപികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പകൽ 11.30ന് നാവികസേനാ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി 11.55ന് -സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷ ചടങ്ങിൽ വിശിഷ്‌ടാതിഥിയാകും. തുടർന്ന് 1.20ന് നാവികസേന ഹെലിപ്പാഡിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിക്കും. 1.55ന് ഡൽഹിയിലേക്ക് പുറപ്പെടും.
രാഷ്ട്രപതിക്ക് മൂന്ന് അമൂല്യ സ്നേഹസമ്മാനങ്ങൾ
രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറാൻ അമൂല്യ സ്നേഹോപഹാരങ്ങൾ ഒരുക്കി സെന്റ് തെരേസാസ് കോളേജ്. കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന രാഷ്ട്രപതിക്ക് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്ന് ഉപഹാരങ്ങളാണ് സമ്മാനിക്കുക.
ഇന്ത്യൻ കരകൗശല വിദ്യയുടെ മകുടോദാഹരണങ്ങളായ ഉപഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തേത് ഒഡിഷയുടെ പാരമ്പര്യ കലാരൂപമായ ‘പട്ടചിത്ര'യാണ്. ഉണക്കിയ പനയോലകളിൽ പുരാണ കഥകളും നാടോടിക്കഥകളും അതിസൂക്ഷ്മമായി കൊത്തിയെടുത്ത്, ഈ ഓലകൾ നൂലുകൊണ്ട് തുന്നിച്ചേർത്താണ് ഇതിന്റെ നിർമാണം. സങ്കീർണ ചിത്രപ്പണികളുള്ള ഈ കലാരൂപം ഒഡിഷയുടെ സാംസ്കാരിക പൈതൃകത്തിന്റെ തനത് പ്രതീകമാണ്.
ഗുജറാത്തിലെ സുരേന്ദ്രനഗറിൽനിന്നുള്ള ലോകപ്രശസ്തമായ ‘പട്ടോള' വസ്ത്രമാണ് രണ്ടാമത്തെ ഉപഹാരം. ശുദ്ധമായ മൾബറി സിൽക്കിൽ തീർത്തതാണിത്. ‘ഡബിൾ ഇക്കത്ത്' എന്ന അത്യധികം സങ്കീർണമായ രീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നെയ്‌ത്തിന് മുമ്പ് നൂലുകൾ ഓരോന്നും പ്രത്യേക അളവുകളിൽ കെട്ടി പലതവണ ചായം മുക്കി ഉണക്കിയെടുക്കുന്നു. ഈ നൂലുകൾ പിന്നീട് കൈകൊണ്ട് നെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച ഡിസൈൻ രൂപപ്പെടും. ലോകത്തിലെതന്നെ ഏറ്റവും സങ്കീർണമായ നെയ്ത്തുരീതികളിൽ ഒന്നാണിത്.
മൂന്നാമത്തെ സമ്മാനം ‘ബാഗ് ബക്കർ' എന്ന പുരാതന ഇന്ത്യൻ പാരമ്പര്യ വിനോദമാണ് (ബോർഡ് ഗെയിം). ഇന്ത്യയുടെ പാരമ്പര്യ വിനോദങ്ങളുടെ പ്രതീകമാണിത്.
നഗരത്തിൽ ഗതാഗതം–ഡ്രോൺ നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളി രാവിലെ 10 മുതൽ രണ്ടുവരെ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ ഗതാഗതനിയന്ത്രണവും ഡ്രോൺ പറത്തുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തും.
വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ വഴിതിരിഞ്ഞ് പോകണം
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലംവഴി കുണ്ടന്നൂർ ജങ്‌ഷനിലെത്തണം. ഇവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്‌ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജങ്‌ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെകെ റോഡിലൂടെ കലൂർ ജങ്‌ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജങ്‌ഷനിലെത്തി കണ്ടെയ്നർ റോഡ് ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ട് കൊച്ചി– വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം.
–തേവര ഫെറി ഭാഗത്തുനിന്ന് കലൂർ–ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കെകെ റോഡിലൂടെ കലൂർ ജങ്‌ഷനിലെത്തി പോകണം.
– വൈപ്പിൻ ഭാഗത്തുനിന്നു് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജങ്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജങ്‌ഷനിലെത്തി കെ കെ റോഡിലൂടെ കടവന്ത്ര ജങ്‌ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജങ്‌ഷനിൽനിന്ന് കുണ്ടന്നൂർ പാലംവഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ട് കൊച്ചി–വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം.
വിവിഐപി വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിൽ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണമായും നിരോധിച്ചു. വിവിഐപി സന്ദർശനമുള്ളതിനാൽ കൊച്ചി സിറ്റി പരിധിയിൽ വെള്ളിയാഴ്ച സമ്പൂർണ ഡ്രോൺ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും കമീഷണർ അറിയിച്ചു.








0 comments