ജില്ല മൂന്നാമത്
എസ്‌എസ്‌എൽസി ; 99.76 % , 5317 പേർക്ക് ഫുൾ എ പ്ലസ്

പരീക്ഷാഫലമറിഞ്ഞ വിദ്യാർഥിനി കൂട്ടുകാർക്കൊപ്പം വിജയാഹ്ലാദം പങ്കുവയ്ക്കുന്നു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നുള്ള ദൃശ്യം
കൊച്ചി
എസ്‌എസ്‌എൽസി പരീക്ഷയിൽ 99.76 ശതമാനം വിജയം നേടി ജില്ല മൂന്നാംസ്ഥാനത്ത്. കഴിഞ്ഞവർഷം 99.86 ശതമാനം വിജയത്തോടെയാണ് ജില്ല സംസ്ഥാനത്ത് മൂന്നാംസ്ഥാനം നേടിയത്. ആലുവ, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസജില്ലകളിലായി ഈ വർഷം 32,868 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 32,789 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.- പെൺകുട്ടികൾ–- 16,063, ആൺകുട്ടികൾ–16,726.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 5317 പേരാണ്. പെൺകുട്ടികളാണ് എ പ്ലസ് നേട്ടത്തിൽ മുന്നിൽ–- 3576 പേർ. 1741 ആൺകുട്ടികളും ഈ നേട്ടം കൈവരിച്ചു. കഴിഞ്ഞവർഷം 5915 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. വിദ്യാഭ്യാസജില്ലകളിൽ ആലുവ– 2199, എറണാകുളം– 1543, കോതമംഗലം– 885, മൂവാറ്റുപുഴ– 690 എന്നിങ്ങനെയാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം.
വിദ്യാഭ്യാസജില്ലകളിൽ കോതമംഗലവും മൂവാറ്റുപുഴയും വിജയത്തിൽ ഒപ്പത്തിനൊപ്പമാണ്. 99.81 ശതമാനം. ആലുവ– 99.78, എറണാകുളം– 99.69- എന്നിങ്ങനെയാണ് മറ്റു രണ്ടിടത്തെ വിജയം. 270 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 82 സർക്കാർ സ്കൂളുകളും 138 എയ്ഡഡ് സ്കൂളുകളും 50 അൺ എയ്ഡഡ് സ്കൂളുകളുമുണ്ട്.









0 comments