ആസ്വാദകഹൃദയം കവർന്ന് ‘പാടും പാതിരി'

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വൈദികൻ ഫാ . പോൾ പൂവത്തിങ്കൽ അവതരിപ്പിച്ച കർണാടക സംഗീതക്കച്ചേരി
കൊച്ചി
"പാടും പാതിരി' എന്ന് അറിയപ്പെടുന്ന ഗായക പുരോഹിതൻ ഫാ. പോൾ പൂവത്തിങ്കൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവതരിപ്പിച്ച സർവമതസംഗീത കച്ചേരി സംഗീതപ്രേമികൾക്ക് നവാനുഭവം പകർന്നു. പട്ടണം ശുഭരാമ അയ്യരുടെ നവരാഗമാലിക വർണം പാടി തുടങ്ങിയപ്പോൾത്തന്നെ ആസ്വാദകർ താളംപിടിച്ചു. പിന്നീട് വാതാപി ഗണപതീം.. തുടർന്ന് ക്രിസ്തുവിനെക്കുറിച്ചും അള്ളാഹുവിനെക്കുറിച്ചുമുള്ള കീർത്തനങ്ങളും ദേശഭക്തിഗാനങ്ങളും ഹിന്ദി ഭജനും ആലപിച്ചു.
പോൾ പൂവത്തിങ്കലിന് സ്കൂളിൽ പഠിക്കുമ്പോൾ സ്പോർട്സിനോടായിരുന്നു കമ്പം. പിന്നീട് വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്നശേഷമാണ് സംഗീതവുമായി അടുക്കുന്നത്. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ മ്യൂസിക്കിൽ ബിരുദം എടുത്തു. തുടർന്ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് കർണാടക സംഗീതത്തിൽ എംഫിലും പിഎച്ച്ഡിയും നേടി. കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് വോക്കോളജി പഠിച്ചു. രാജ്യത്തെ ആദ്യ വോക്കോളജിസ്റ്റാണ് ഫാ. പോൾ പൂവത്തിങ്കൽ.
1000 ഗാനങ്ങൾ രചിക്കുകയും 35 സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കെ ജെ യേശുദാസിന്റെയും ചന്ദ്രമന നാരായൺ നമ്പൂതിരിയുടെയും ശിഷ്യനാണ്. നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. തൃശൂരിലെ ചേതന സംഗീതനാടക അക്കാദമി, ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും ഡയറക്ടറുമാണ്.









0 comments