ശബ്‌ദസാന്നിധ്യമായി താരങ്ങൾ; മിമിക്സ് ശിൽപ്പശാലയ്‌ക്ക് തുടക്കം

കലാഭവനിൽ കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച മിമിക്സ് ശിൽപ്പശാലയിൽനിന്ന്
സ്വന്തം ലേഖകൻ
Published on Jul 06, 2025, 12:58 AM | 1 min read
കൊച്ചി
‘കടലമ്മ കരഞ്ഞല്ലേ പെറ്റത്...’ യുവതയുടെ ഇഷ്ടഗായകൻ വേടൻ വേദിയിലില്ലെങ്കിലും ശബ്‌ദം കൊച്ചിൻ കലാഭവൻ ഓഡിറ്റോറിയത്തിലെ സദസ്സിനെ ആവേശത്തിലാക്കി. റിമി ടോമിയും അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യവും എസ് ജാനകിയും മോഹൻലാലും ജനാർദനനുമെല്ലാം വേദിയിൽ എത്തിയവരിലൂടെ ശബ്ദസാന്നിധ്യമായി. കേരള സംഗീതനാടക അക്കാദമിയും കൊച്ചിൻ കലാഭവനും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന മിമിക്സ് ശിൽപ്പശാലയിലാണ് കലാകാരന്മാരും വിദ്യാർഥികളും ഇഷ്ടശബ്‌ദങ്ങൾ അവതരിപ്പിച്ചത്.
വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. മിമിക്‌സിന് ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ആദ്യ ശിൽപ്പശാലയാണ് അക്കാദമി സംഘടിപ്പിച്ചതെന്ന് പി രാജീവ് പറഞ്ഞു. കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷനായി.
കലാഭവനിൽനിന്ന് ആദ്യമായി ലഭിച്ച 75 രൂപ പ്രതിഫലത്തെക്കുറിച്ച് കലാഭവൻ നവാസ് ഓർമിച്ചു. സക്കീർ ഹുസൈന്റെ തബലവാദനം ഏലൂർ ജോർജ് വേദിയിൽ പുനഃസൃഷ്‌ടിച്ചു. നർത്തകിയായും മാജിക് കാണിച്ചും കലാഭവനൊപ്പം ചേർന്ന താൻ മിമിക്രി കലാകാരിയായി അറിയപ്പെട്ട കഥ നടി തെസ്‌നിഖാൻ പങ്കുവച്ചു.
സംസ്ഥാനത്താകെനിന്നുള്ള അമ്പതോളം മിമിക്രി കലാകാരന്മാർ പങ്കെടുക്കുന്ന ശിൽപ്പശാല ഞായറാഴ്‌ച സമാപിക്കും
.
ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ക്യാമ്പ് ഡയറക്ടർ കെ എസ് പ്രസാദ്, കലാഭവൻ റഹ്‌മാൻ, ട്രഷറർ കെ എ അലി അക്ബർ, അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ ജോണ്‍ ഫെര്‍ണാണ്ടസ്, സഹീര്‍ അലി എന്നിവർ സംസാരിച്ചു. സംവിധായകൻ മെക്കാർട്ടിൻ, കലാഭവൻ നൗഷാദ്, എബി ചാത്തന്നൂർ, ഷിജു അഞ്ചുമന, കലാഭവൻ സലിം, രഞ്ജു കാർത്യായനി, കെ എസ് പ്രസാദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.









0 comments