കാർത്തികയ്‌ക്കും കുടുംബത്തിനും സ്നേഹവീടായി

മന്ത്രി പി രാജീവിന്റെ സ്നേഹവീട് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ഏലൂർ മാട്ടുപുറത്ത് കാർത്തികയ്ക്ക് നടൻ ടിനി ടോം കൈമാറുന്നു
കളമശേരി
മന്ത്രി പി രാജീവിന്റെ ‘സ്നേഹവീട്' പദ്ധതിയിൽ, ഏലൂർ വടക്കുംഭാഗത്തെ മാട്ടുപുറത്ത് പരേതനായ കൊല്ലംപറമ്പിൽ ചെല്ലമണിയുടെ ഭാര്യ കാർത്തികയ്‌ക്ക് വീട് കൈമാറി. പ്രദേശവാസികൾ ഒത്തുചേർന്ന ചടങ്ങിൽ നടൻ ടിനി ടോമും മന്ത്രി പി രാജീവുംചേർന്ന് താക്കോൽ കൈമാറി.
കാർത്തികയുടെ രണ്ടുമക്കളും വിദ്യാർഥികളാണ്. കളമശേരി സെന്റ് പോൾസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് മുൻകൈയെടുത്താണ് കുടുംബത്തിനായി നാല് സെന്റ് വാങ്ങിനൽകിയത്. ഒമ്പതുലക്ഷം രൂപയാണ് വീടിന്റെ നിർമാണച്ചെലവ്. മന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ 30 വീട് നിർമിച്ചുനൽകുന്നതാണ് പദ്ധതി. ഇതുവരെ 11 വീടുകൾ നിർമിച്ചു. 11 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർപേഴ്സൺ എ ഡി സുജിൽ അധ്യക്ഷനായി. പി എ ഷിബു, ജയശ്രീ സതീഷ്, ടി എം ഷെനിൻ, പി എ ഷെറീഫ്, നിസി സാബു, കെ എ മാഹിൻ, സെന്റ് പോൾസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോസ് സേവ്യർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി ജി രാജേഷ്‌മോൻ തുടങ്ങിയവർ സംസാരിച്ചു.









0 comments