സംവിധാന മികവിൽ ജയിൽ ഓഫീസർ അഖിൽ

കെ ആർ ബൈജു
Published on Aug 21, 2025, 02:08 AM | 1 min read
തൃപ്പൂണിത്തുറ
അസിസ്‌റ്റന്റ് പ്രിസൺ ഓഫീസറുടെ സംവിധാന മികവിന് അംഗീകാരത്തിന്റെ സല്യൂട്ട്. സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മേളയിൽ രണ്ടാംസ്ഥാനം കാക്കനാട് ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖില്‍ ശിശുപാൽ ഒരുക്കിയ ‘ഭാവയാമി’ക്ക്. രചനയും ഗാനരചനയും അഖിലിന്റേതാണ്.
അവഗണിക്കപ്പെടേണ്ടവരല്ല ആദരിക്കപ്പെടേണ്ടവരാണ് ട്രാൻസ്‌ജേൻഡേഴ്‌സ് എന്ന സന്ദേശമാണ് ഭാവയാമി നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ജെൻഡർ നയത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് നടത്തുന്നത്. ഭാവയാമിയുടെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത് ട്രാൻസ്‌ജെൻഡറായ തൻവി സുരേഷാണ്. സംഗീതസംവിധാനം അഖിൽ വിജയ്‌യും.
അഖിൽ ശിശുപാലും തൻവിയും അഖിൽ വിജയ്‌യും ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠികളായിരുന്നു. വീണ്ടും ഒത്തുചേർന്നപ്പോൾ അവാർഡ് തേടിയെത്തിയത് ഇവരുടെ ആഹ്ലാദം ഇരട്ടിയാക്കി. ഉദയംപേരൂർ സ്വദേശിയാണ് അഖിൽ ശിശുപാൽ.
ആട്ടം സിനിമയിലൂടെ പ്രശസ്തനായ സെൽവരാജ് രാഘവൻ ഭാവയാമിയിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. കെ കെ രാജീവിന്റെ സ്മരണാർഥം ഭാര്യ ഡോ. അനസൂയയും മകൾ ഡോ. രാകേന്ദു രാജീവുമാണ് ഭാവയാമിയുടെ നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്.
ഗോപി സുന്ദറും വൈക്കം വിജയലക്ഷ്മിയും ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചു. വ്യാഴാഴ്‌ച കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങും. അഖിലിന്റെ ഭാര്യ: -പ്രവീണ. മകൾ: -ക്ഷേത്ര അഖിൽ.








0 comments