ദീപശിഖാപ്രയാണം ഇന്നുമുതൽ
സ്വർണക്കപ്പിനെ വരവേറ്റ് ജില്ല

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് എറണാകുളം സെന്റ് തെരേസാസ് സ്കൂളിൽ നൽകിയ സ്വീകരണം
കൊച്ചി
തിരുവനന്തപുരത്ത് 21 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പുമായുള്ള ഘോഷയാത്രയ്‌ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആഘോഷമായി സ്വർണക്കപ്പിനെ വരവേറ്റു. ശനി രാവിലെ 9.15ന് ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസിൽ അൻവർ സാദത്ത് എംഎൽഎ, ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, ഡിഡിഇ സുബിൻ പോൾ തുടങ്ങിയവർചേർന്ന് സ്വീകരിച്ചു. തുടർന്ന് ഘോഷയാത്ര കളമശേരി ജിവിഎച്ച്‌എസ്‌എസിൽ എത്തിച്ചേർന്നു. വിദ്യാർഥികൾ മയക്കുമരുന്നിനെതിരെ കാക്കാരിശി നാടകം അവതരിപ്പിച്ചു.
തുടർന്ന് എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ്, തൃപ്പൂണിത്തുറ സെന്റ് ജോസഫ് യുപിഎസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. എംഎൽഎമാരായ പി വി ശ്രീനിജിൻ കോലഞ്ചേരിയിലും ടി ജെ വിനോദ് എറണാകുളത്തും പങ്കെടുത്തു.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പര്യടനം നടത്തി 21ന് തിരുവനന്തപുരത്തെത്തും. കായികമേളയുടെ ദീപശിഖാപ്രയാണം ഞായർ രാവിലെ എട്ടിന് എറണാകുളം ഗവ. ഗേൾസ് എച്ച്എസ്‌എസിൽനിന്ന് ആരംഭിക്കും.








0 comments