പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽനിന്ന് പണം തട്ടിയയാൾ പിടിയിൽ

ആലുവ
പൊലീസ് ഇൻസ്പെക്ടർ ചമഞ്ഞ് വീട്ടമ്മയിൽനിന്ന് പണം തട്ടിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പറവൂർ പട്ടണം കുഞ്ഞി ലോനപ്പറമ്പിൽ മഹേഷാണ് (47) ആലുവ പൊലീസിന്റെ പിടിയിലായത്. വൈക്കം സ്വദേശിനിയായ വീട്ടമ്മയിൽനിന്നാണ് പണം തട്ടിയത്. പ്രതിയും വീട്ടമ്മയും ഒരു വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ്. വീടുവയ്ക്കാൻ നാലുലക്ഷം രൂപയും ചികിത്സയ്ക്ക് ഒരുലക്ഷം രൂപയും ചാരിറ്റിവഴി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന്റെ പ്രോസസിങ് ഫീസ് ആയി വീട്ടമ്മയുടെ സുഹൃത്തിൽനിന്ന് 43,000 രൂപ നേരിട്ടും 3300 രൂപ ഗൂഗിൾ പേ വഴിയും ഇയാൾ കൈക്കലാക്കി. പാസ്‌പോർട്ട്, ആധാർ, പാൻ, ഫോട്ടോ തുടങ്ങിയവയും ഇയാൾ വാങ്ങിയെടുത്തു. ആലുവ റെയിൽവേ സ്റ്റേഷന് പുറത്തുവച്ചാണ് പണവും രേഖയും കൈമാറിയത്. പണം ലഭിക്കാതെവന്നപ്പോൾ നൽകിയ തുകയും രേഖകളും വീട്ടമ്മ ആവശ്യപ്പെട്ടു. ഇതോടെ ക്വട്ടേഷൻസംഘം കൂടെയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
തട്ടിപ്പ് മനസ്സിലാക്കിയ വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ വി എം കേഴ്സൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.









0 comments