അങ്കമാലി അർബൻ സഹ. സംഘം തട്ടിപ്പ് ; സെക്രട്ടറി ഇൻ ചാർജിനെയും അക്കൗണ്ടന്റിനെയും പിരിച്ചുവിട്ടു

അങ്കമാലി
കോൺഗ്രസിന്റെ ഭരണത്തിൽ 96 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ അങ്കമാലി അർബൻ സഹകരണ സംഘം (ഇ 1081) സെക്രട്ടറി ഇൻ ചാർജായിരുന്ന ചാലക്കുടി വാട്ടുകടവ് റോഡിൽ കാഞ്ഞിരത്തിങ്കൽ ബിജു കെ ജോസിനെയും അക്കൗണ്ടന്റായിരുന്ന അങ്കമാലി പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളിവീട്ടിൽ കെ ഐ ഷിജുവിനെയും സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2024 ഏപ്രിൽ 12ന് സഹകരണ സംഘം ജില്ലാ രജിസ്ട്രാറിന്റെ ഉത്തരവിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുപ്രകാരമാണ് ഇരുവരെയും പിരിച്ചുവിട്ടത്.
സംഘത്തിൽ അതീവ ഗുരുതരമായ ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേട്, സോഫ്‌റ്റ്‌വെയർ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. സംഘത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് നൽകിയ കുറ്റപത്രത്തിന് ഇരുവരും മറുപടി നൽകിയില്ല. സഹകരണചട്ടപ്രകാരം ഇവരെ പിരിച്ചുവിടാൻ കഴിഞ്ഞ നാലിന് ചേർന്ന സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2024 ജനുവരി അഞ്ചുമുതലുള്ള പ്രാബല്യത്തോടെയാണ് പിരിച്ചുവിട്ടത്. ജോയിന്റ് രജിസ്ട്രാറിന്റെ ഉത്തരവുപ്രകാരം പത്തുകോടിയോളം രൂപ സെക്രട്ടറി ഇൻ ചാർജ് ബിജു കെ ജോസും ഏഴുകോടിയിൽപ്പരം രൂപ അക്കൗണ്ടന്റ് കെ ഐ ഷിജുവും സംഘത്തിൽ അടയ്ക്കണം.
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 115.8 കോടിയുടെ വ്യാജവായ്പ അനുവദിക്കുന്നതിനും വ്യാജരേഖകൾപ്രകാരം വായ്‌പ നൽകുന്നതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിക്കുന്നതിനും നേതൃത്വം നൽകിയവരിൽ പ്രധാനികളാണിവർ. സംഘത്തിന്റെ 96 കോടിയിൽപ്പരം രൂപയാണ് വ്യാജവായ്പവഴി പ്രസിഡന്റ് പി ടി പോളും ഭൂമാഫിയസംഘവും ചേർന്ന് തട്ടിയെടുത്തത്. ബാങ്കിൽ നിക്ഷേപം നടത്തിയവർ നെട്ടോട്ടം ഓടുകയാണ്. ഇപ്പോൾ പിരിച്ചുവിട്ട രണ്ടു ജീവനക്കാരെയും ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇവർ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഡയറക്ടർബോർഡ് അംഗങ്ങളിൽ ഭൂരിഭാഗംപേരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.









0 comments