പുളിന്താനത്തെ ബാഡ്മിന്റൺ കോർട്ട് നിർമാണത്തിൽ അഴിമതി

കവളങ്ങാട്
പോത്താനിക്കാട് പഞ്ചായത്തിൽ പുളിന്താനത്ത് ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജിന്റെ ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ബാഡ്‌മിന്റൺ കോർട്ട് നിർമിക്കുന്നതിൽ വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി സിപിഐ എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. രണ്ടുവർഷംമുമ്പ് നിർമാണം ആരംഭിച്ച കോർട്ടിന് രണ്ടുതവണയായി 30 ലക്ഷം രൂപ ഇതുവരെ ചെലവിട്ടു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 1.5 സെന്റും അതിനോടു ചേർന്നുള്ള പുറമ്പോക്കുഭൂമിയും ചേർത്താണ് നിർമാണം ആരംഭിച്ചത്.
15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇതിനായി തയ്യാറാക്കുകയും ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുകയുമായിരുന്നു. എന്നാൽ, തുക പര്യാപ്തമല്ല എന്ന പഞ്ചായത്തിന്റെ ആവശ്യത്തെ തുടർന്ന് വീണ്ടും 15 ലക്ഷം രൂപകൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചു. അതേ കരാറുകാരനുതന്നെ നിർമാണച്ചുമതലയും നൽകി. 30 ലക്ഷം രൂപ ചെലവഴിച്ചിട്ടും അടിത്തറപോലും പൂർത്തിയാക്കാനായിട്ടില്ല. കോർട്ടിന്റെ മേൽക്കൂരയും വശങ്ങളും തറയും പൂർത്തിയാക്കാൻ 15 ലക്ഷം രൂപകൂടി പഞ്ചായത്ത് ജില്ലാ പഞ്ചായത്തിനോട് വീണ്ടും ആവശ്യപ്പെട്ടുവെന്നും 10 ലക്ഷം രൂപകൂടി വീണ്ടും അനുവദിച്ചതായും പറയുന്നു. 25 ലക്ഷം രൂപയിൽത്താഴെ പൂർത്തിയാകേണ്ട പദ്ധതിക്ക് 45 ലക്ഷം രൂപ ചെലവഴിക്കുന്നതിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. തറനിരപ്പാക്കുന്നതിനാവശ്യമായ മണ്ണ് കരാർപ്രകാരം പുറത്തുനിന്നു കൊണ്ടുവരാതെ സമീപത്തുള്ള പഞ്ചായത്ത് ഭൂമിയിൽനിന്ന് അനധികൃതമായി എടുക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പോത്താനിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും അഴിമതിയുമാണ് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിനു കാരണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ സിജു പറഞ്ഞു.









0 comments