മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം തട്ടിപ്പ് : പ്രതിഷേധവുമായി നിക്ഷേപകർ

കളമശേരി
മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റിയുടെ തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകർ പത്തടിപ്പാലത്തെ ഹെഡ് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. നിക്ഷേപകരെത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.
നിക്ഷേപകർക്ക് കഴിഞ്ഞ മാർച്ച് മുതൽ പലിശ ലഭിച്ചിരുന്നില്ല. മെയ് മാസത്തോടെ എല്ലാ ബ്രാഞ്ച് ശാഖകളും പൂട്ടിയതായും നിക്ഷേപകർ പറഞ്ഞു. എറണാകുളം, തൃശൂർ ജില്ലകളിലായി മുപ്പതിലധികം പരാതികൾ വിവിധ സ്റ്റേഷനുകളിൽ നൽകി. തട്ടിപ്പിനിരയായവർ കൂടുതലും പെൻഷൻപറ്റിയവരാണ്. പെൻഷൻ ആനുകൂല്യങ്ങൾ ഉയർന്ന പലിശ വാഗ്ദാനത്തിൽ വീണ് മൊത്തമായി നിക്ഷേപിക്കുകയായിരുന്നു. മക്കളുടെ വിവാഹത്തിന് കരുതിയിരുന്നതും വീടുനിർമാണത്തിന് സൂക്ഷിച്ചതും ഉൾപ്പെടെ നഷ്ടപ്പെട്ടതിൽപ്പെടും. കളമശേരിയിലെത്തിയ 150 പേർ 70 കോടിയിലേറെ രൂപയാണ് നിക്ഷേപിച്ചത്.
എംസിഎസ് / സിആർ/ 969/2014 ആയി രജിസ്റ്റർ ചെയ്ത അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 ബ്രാഞ്ചുകളുണ്ട്. ചെയർമാൻ അഖിൽ മുരളി, സഹോദരനും എംഡിയുമായ ആഷിഖ് മുരളി, വൈസ് ചെയർമാൻകൂടിയായ അച്ഛൻ പി ആർ മുരളീധരൻ എന്നിവരും അമ്മ, മക്കളുടെ ഭാര്യമാർ എന്നിവരുൾപ്പെടുന്ന സംഘമാണ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡിലുള്ളത്.









0 comments