നൂറിന്റെ നിറവിലും ശങ്കുച്ചേട്ടന് പ്രിയം ദേശാഭിമാനി

പെരുമ്പാവൂർ
ചെറുപ്രായത്തിലേ ചെത്തുതൊഴിലാളിയായി ജീവിതം ആരംഭിച്ച ചെട്ടിനട കക്കാട്ടുചെല്ലിശേരി ശങ്കുവിന് വെള്ളിയാഴ്ച 100 വയസ്സ് തികയും. നാലു തലമുറകകളുടെ സാന്നിധ്യത്തിൽ പിറന്നാൾ ആഘോഷിക്കാനൊരുങ്ങുമ്പോഴും നെഞ്ചോടുചേർക്കുന്നത് സിപിഐ എമ്മിനെയും ദേശാഭിമാനി പത്രത്തേയുമാണ്.
കുറിച്ചിലക്കോട് കള്ളുഷാപ്പിലെ ചെത്തു തൊഴിലാളിയായിരുന്ന ശങ്കു കള്ള് കുടിക്കാറില്ല. പുകവലിയോ വെറ്റിലമുറുക്കോ ഇല്ല. വളയൻചിറങ്ങര കക്കാട്ടുചെല്ലിശേരി ചക്കൻ–-നാരായണി ദമ്പതികളുടെ 12 മക്കളിൽ മൂത്തയാളാണ് ശങ്കു. പെരുമ്പാവൂർ റേഞ്ച് ചെത്തു തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമായ കാലംമുതൽ ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനായതാണ്. തൊഴിലിൽനിന്ന് പിരിഞ്ഞിട്ട് 40 വർഷമായെങ്കിലും പത്രം തുടർന്നും വരുത്തുന്നു. മറ്റൊരു കാര്യത്തിലും പരിഭവിക്കാത്ത അച്ഛൻ പത്രം ലഭിച്ചില്ലെങ്കിൽ ബഹളമുണ്ടാക്കുമെന്ന് മകൻ ബാബു പറഞ്ഞു. വിതരണക്കാരന്റെ സൗകര്യാർഥം അയൽവാസിയായ സിപിഐ എം കോടനാട് ലോക്കൽ സെക്രട്ടറി പി ശിവന്റെ വീട്ടിലാണ് പത്രം ഇടുന്നത്. രാവിലെ എട്ടിനുമുമ്പ് പത്രവായന തുടങ്ങുന്നതിനാൽ ലോക്കൽ സെക്രട്ടറിതന്നെ പത്രം വീട്ടിലെത്തിക്കും.
സംസ്ഥാന സർക്കാരിന്റെ നാലാംവാർഷിക ആഘോഷങ്ങളിലും പാർടി പരിപാടികളിലും പങ്കെടുക്കാൻ കഴിയാത്തതിന്റെ ദുഃഖം പ്രവർത്തകരുമായി പങ്കുവയ്ക്കും. കൂലിവർധനയ്‌ക്കായി യൂണിയൻ നടത്തിയ 110 ദിവസത്തെ പണിമുടക്കും സമരത്തെ പൊളിക്കാൻ കള്ളുഷാപ്പ് കോൺട്രാക്ടർ താൽക്കാലിക തൊഴിലാളികളെവച്ച് കള്ള് ഉൽപ്പാദിപ്പിച്ചപ്പോൾ കുലവെട്ടു സമരവുമെല്ലാം ആവേശത്തോടെയാണ് ശങ്കു ഓർത്തെടുക്കുന്നത്.
ചെത്തു തൊഴിലാളി യൂണിയന്റെയും കള്ള് വ്യവസായ തൊഴിലാളി പെൻഷനേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ വ്യാഴം വൈകിട്ട് അഞ്ചിന് വീട്ടിലെത്തി ശങ്കുവിനെ ആദരിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുക്കും. ഭാര്യ: പരേതയായ കൗസല്യ (കുറിച്ചിലക്കോട് മാതംപറമ്പിൽ കുടുംബാംഗം). മക്കൾ: ബാബു, ഗീത, ഷീല, പരേതനായ സുദർശനൻ. മരുമക്കൾ: അംബിക, പുഷ്പ, ഹരിഹരൻ, ഡോൺലി.









0 comments