ഇടിക്കൂട്ടിൽ പുതിയ ലക്ഷ്യവുമായി സഞ്ജു

എസ് ശ്രീലക്ഷ്‌മി
Published on Jan 29, 2025, 02:35 AM | 1 min read
കൊച്ചി
ഇടിക്കൂട്ടിൽ വീണ്ടും സ്വർണക്കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിനി എം എസ് സഞ്ജു. ഫെബ്രുവരി ഒന്നുമുതൽ ഡൽഹിയിൽ ആരംഭിക്കുന്ന ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുകയാണ് ലക്ഷ്യം.
മലയാളികൾക്ക് സുപരിചിതമല്ലാത്ത കായികയിനത്തിലാണ് സഞ്ജു തന്റെ സ്വപ്‌നങ്ങൾ ചേർത്തുവച്ചത്. കൊച്ചിയിലാണ് പരിശീലനം. 2014ൽ
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പഠനകാലത്താണ് കിക്ക് ബോക്‌സിങ്ങിലേക്ക് വരുന്നത്. ആദ്യം ബോക്‌സിങ്ങിൽ ആയിരുന്നു താൽപ്പര്യം. നിലവിലെ പരിശീലകനായ എ എസ് വിവേകിനെ പരിചയപ്പെട്ടശേഷമാണ് കിക്ക് ബോക്‌സിങ് പഠിക്കുന്നത്. കോളേജ് പഠനം പൂർത്തിയാക്കി കുറച്ചുകാ ലം ബ്രഹ്‌മോസിൽ താൽക്കാലിക ജോലിക്ക് കയറിയെങ്കിലും പിന്നീട് മുഴുവൻസമയവും കിക്ക് ബോക്‌സിങ്ങിലേക്ക് തിരിഞ്ഞു. ആറ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സ്വർണമെഡൽ, തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം, ഉസ്‌ബക്കിസ്ഥാനിൽ നടന്ന അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പിൽ വെങ്കലം ഇങ്ങനെ തുടരുന്നു സഞ്ജുവിന്റെ നേട്ടങ്ങൾ.
കിക്ക് ബോക്‌സിങ്ങിൽ കൂടുതൽപേർ മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. കൊച്ചിയിൽ പരിശീലനത്തിനൊപ്പം കുട്ടികൾക്ക് ക്ലാസെടുക്കുന്നുമുണ്ട്. കേരളത്തിൽ കിക്ക് ബോക്‌സിങ് അസോസിയേഷന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബൈക്ക് റേസിങ്ങിലും കഴിവ് തെളിയിച്ചിട്ടുണ്ട് സഞ്ജു. ട്രാക്ക്, ഓഫ് റോഡ് റേസുകൾ ചെയ്യാറുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തന്റെ സ്വപ്‌നങ്ങൾക്ക് കുടുംബവും വലിയ പിന്തുണയാണ് നൽകുന്നതെന്ന് സഞ്ജു പറഞ്ഞു. ചുമട്ടുതൊഴിലാളിയായ എസ് സജിയുടെയും വി മഞ്ജുവിന്റെയും മകളാണ്.









0 comments