ഇവിടെയുണ്ട്‌ റോബോട്ടിക്‌സ്‌ 
പഠനത്തിന്റെ മാതൃക

robotics
avatar
എസ്‌ ശ്രീലക്ഷ്‌മി

Published on May 21, 2025, 03:42 AM | 1 min read


കൊച്ചി

പുതിയ അധ്യയനവർഷംമുതൽ റോബോട്ടിക്‌സ്‌ സാങ്കേതികവിദ്യ പഠിക്കാൻ ഒരുങ്ങുകയാണ്‌ നമ്മുടെ പത്താംക്ലാസുകാർ. 29,000 റോബോട്ടിക്‌ കിറ്റുകൾ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളുകളിലെത്തി. എന്തൊക്കെയാകും കുട്ടികൾക്കതിൽ ചെയ്യാനുണ്ടാകുക? ചില മാതൃകകൾ കണ്ടറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്റ്റാളിലേക്ക്‌ വരാം.


ലിറ്റിൽ കൈറ്റ്‌സ്‌ അംഗങ്ങളായ കുട്ടികൾ തയ്യാറാക്കിയ, ഗ്യാസ്‌ ലീക്കായാൽ അറിയാൻ സാധിക്കുന്ന ഓട്ടോമേറ്റീവ്‌ ഗ്യാസ്‌ ലീക്കേജ്‌ ഡിറ്റക്‌ടർ, മഴ വന്നാൽ തുണികൾ എടുക്കാൻ സഹായിക്കുന്ന ഓട്ടോമാറ്റിക്‌ ക്ലോത്ത്‌ കലക്‌ടർ, ചെടികൾ നനക്കാനുള്ള സ്‌മാർട്ട്‌ ഡ്രോപ് തുടങ്ങിയവ പ്രദർശനത്തിനുണ്ട്‌. ഈ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനപാഠങ്ങളാണ്‌ പത്താംക്ലാസിലെ പുസ്തകത്തിലുള്ളത്‌. കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ തയ്യാറാക്കലാണ് ആദ്യ പ്രവര്‍ത്തനം. ലിറ്റിൽ കൈറ്റ്‌സ്‌ അംഗങ്ങളായ കുട്ടികൾ നിലവിൽ റോബോട്ടിക്‌ കിറ്റുകൾ ഉപയോഗിച്ച്‌ ഉപകരണങ്ങൾ നിർമിക്കാൻ പഠിക്കുന്നുണ്ട്‌.


തനിക്ക്‌ റോബോട്ടിക്‌സിലുള്ള താൽപ്പര്യം തിരിച്ചറിയാനും ചെറിയ ഉപകരണങ്ങൾ നിർമിക്കാനും പിന്തുണച്ചത്‌ ലിറ്റിൽ കൈറ്റ്‌സിന്റെ ക്യാമ്പുകളാണെന്ന്‌ ഓട്ടോമേറ്റീവ്‌ ഗ്യാസ്‌ ലീക്കേജ്‌ ഡിറ്റക്‌ടർ തയ്യാറാക്കിയ മുപ്പത്തടം ജിഎച്ച്‌എസ്‌എസിലെ സലാമുദ്ദീൻ അയ്യൂബി പറഞ്ഞു. ഉപകരണങ്ങൾ പരിചയപ്പെടുത്താൻ ചൊവ്വാഴ്‌ച അധ്യാപകർക്കൊപ്പം സ്റ്റാളിലുണ്ടായിരുന്ന കുട്ടികളിലൊരാൾ സലാമുദ്ദീനാണ്‌. പാഠപുസ്തകത്തിനപ്പുറം പ്രയോഗിക പരിശീലനവും റോബോട്ടിക്‌സിൽ കുട്ടികൾക്ക്‌ ലഭിക്കുമെന്നതിന്റെ നേർക്കാഴ്‌ചയാണ്‌ ലിറ്റിൽ കൈറ്റ്‌സിന്‌ നൽകിയിട്ടുള്ള ഭാഗത്തെ ഉപകരണങ്ങളുടെ പ്രദർശനവും ചിത്രങ്ങളും. റോബോട്ടിക്‌ കിറ്റിൽ എന്തെല്ലാമുണ്ട്‌? ഏതൊക്കെ സാങ്കേതിക പ്രവർത്തനങ്ങളാണ്‌ കുട്ടികൾ പഠിക്കുന്നത്‌ എന്നെല്ലാമുള്ള പോസ്റ്ററുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home