മിന്നിത്തിളങ്ങി 11 റോഡുകൾകൂടി

കൊച്ചി
പൊതുമരാമത്തുവകുപ്പിന്റെ എറണാകുളം, മൂവാറ്റുപുഴ ഡിവിഷനുകീഴിലെ ബിഎംബിസി നിലവാരത്തിൽ നവീകരിച്ച 11 റോഡുകൾ വെള്ളിയാഴ്‌ച പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എറണാകുളം ഡിവിഷനുകീഴിൽ അഞ്ച് റോഡുകളും മൂവാറ്റുപുഴ ഡിവിഷനുകീഴിൽ ആറ് റോഡുകളും ഉൾപ്പെടെ സംസ്ഥാനത്തെ 100 റോഡുകളാണ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നത്.
കൊച്ചി മണ്ഡലത്തിൽ അമരാവതി റോഡ്, സാന്റോ ഗോപാലൻ റോഡ്, പി ടി ജേക്കബ് റോഡ്, ഫാ. മാത്യു കോതകത്ത് റോഡ് എന്നിവയും അങ്കമാലിയിൽ ആധുനിക ബിഎംബിസി നിലവാരത്തിൽ നിർമിച്ച കറുകുറ്റി–-ആഴകം റോഡുമാണ് ഉദ്‌ഘാടനം ചെയ്‌തത്. 9.29 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ ഈ റോഡുകൾ നിർമിച്ചത്. കറുകുറ്റി–-ആഴകം റോഡ് അഞ്ചു കിലോമീറ്ററിലാണ് ബിഎംബിസി നിലവാരത്തിൽ നിർമിച്ചത്. മൂവാറ്റുപുഴ ഡിവിഷനിലെ കീച്ചേരിപ്പടിയിൽനിന്ന് ആട്ടായംവഴി മുളവൂർ ഭാഗത്തേക്കുള്ള ആസാദ് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ്, ആശ്രമം റോഡ്, കോതമംഗലം നേര്യമംഗലം–-നീണ്ടപാറ റോഡ്, പെരുമ്പാവൂർ കീഴില്ലം–- കുറിച്ചിലക്കോട് റോഡുകൾ 15 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
തോപ്പുംപടി ബിടിആർ ജങ്ഷനിൽ നടന്ന ചടങ്ങിൽ കെ ജെ മാക്സി എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു. ബേബി തമ്പി, സൂസൻ ജോസഫ്, ടി കെ അഷറഫ്, ജെ സനൽമോൻ, ബെനഡിക്ട് ഫെർണാണ്ടസ്, ഷീബ ലാൽ എന്നിവർ സംസാരിച്ചു.









0 comments