റോഡിന്റെ വശം ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ചോറ്റാനിക്കര
റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്നതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം തടസ്സപ്പെട്ടു. ചോറ്റാനിക്കര പഞ്ചായത്ത് 11–--ാം വാർഡിൽ മഞ്ചക്കാട് -ഐക്കരവേലിതാഴം റോഡിന്റെ ഒരുവശമാണ് സമീപത്തെ പുരയിടത്തിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ ഐക്കരവേലിതാഴം ഭാഗത്തുള്ള കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കനത്ത മഴയിൽ മെയ് 25നാണ് റോഡിന്റെ ഒരുവശം 50 അടിയോളം താഴേക്കിടിഞ്ഞത്.
നേരത്തേ മണ്ണെടുത്തതിനെ തുടർന്ന് കുഴിയായി മാറിയ ഭൂമിയുടെ അതിരിനോടുചേർന്നാണ് റോഡ് കടന്നുപോകുന്നത്. 50 അടിയോളം ആഴമാണ് ഈ ഭാഗത്തുള്ളത്. ഇവിടെ പല ഭാഗത്തും റോഡരിക് ഇടിഞ്ഞിട്ടുണ്ട്. അപകടാവസ്ഥയെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടതോടെ സ്കൂൾവിദ്യാർഥികളും ദുരിതത്തിലായി. ഇപ്പോൾ അരക്കിലോമീറ്ററോളം നടന്നാണ് ആളുകൾ പ്രധാന റോഡിലേക്ക് എത്തുന്നത്.
റോഡിന്റെ ഒരുവശം തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബുധനാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചചെയ്ത് സർക്കാർ സഹായത്തോടെ റോഡ് സംരക്ഷണവും പ്രദേശവാസികളുടെ യാത്രാസൗകര്യവും ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് പറഞ്ഞു.









0 comments