ഏറെയിഷ്‌ടം ഈ വായനക്കാലം ; അക്ഷരങ്ങളുമായി കൂട്ടുചേർന്ന്‌ വത്സ ജേക്കബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ്‌ ശ്രീലക്ഷ്‌മി

Published on Jun 19, 2025, 03:22 AM | 1 min read


കൊച്ചി

വളരെ വൈകിയാകും ചിലർ പുസ്തകങ്ങളുടെ ലോകത്തേക്കെത്തുക. എത്തിപ്പെട്ടാൽ, പിൻവലിയാൻ കഴിയാത്തവിധം അക്ഷരങ്ങളുമായി കൂട്ടുചേർന്നുപോകും. അങ്ങനെയൊരാളാണ് കോലഞ്ചേരി നിരപ്പാമല കൊഴുമറ്റത്തിൽ വത്സ ജേക്കബ്. എഴുപത്തെട്ടുകാരിയായ വത്സയ്ക്ക് വായനയുടെ ലോകമാണ് ഇപ്പോൾ ഏറ്റവും ഇഷ്ടം. നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞു. നോവലുകളോടാണ് ഏറെ പ്രിയം.


മലയാളത്തിലെ പുതുതലമുറ എഴുത്തുകാരുടേതുൾപ്പെടെ പുസ്തകങ്ങൾ വത്സ വായിക്കുന്നു. എം ടിയാണ് ഇഷ്ടപ്പെട്ട എഴുത്തുകാരൻ. കാലവും നാലുകെട്ടുമെല്ലാം മനസ്സിൽ തങ്ങിനിൽക്കുന്നുവെന്ന് വത്സ പറഞ്ഞു. അടുത്തിടെ വായിച്ചതിൽ അഖിൽ പി ധർമജന്റെ റാം കെയർ ഓഫ് ആനന്ദിയാണ് ഇഷ്ടപ്പെട്ട പുസ്തകം. രണ്ടുവർഷംമുമ്പ് പക്ഷാഘാതംവന്ന് നടക്കാൻ ബുദ്ധിമുട്ടായ സമയത്താണ് വിശ്രമസമയം പൂർണമായും വായനയ്ക്കായി മാറ്റിയത്. പിന്നീട്‌ സജീവവായനയിലേക്ക് തിരിഞ്ഞു. മൂന്ന് പുസ്തകങ്ങൾവരെ വായിച്ച ദിവസങ്ങളുണ്ട്.


രാവിലെ പത്രവായന കഴിഞ്ഞാൽ ഉച്ചകഴിഞ്ഞുള്ള സമയംമുഴുവനും പുസ്തകവായനയിലാണ്‌. കോലഞ്ചേരി പാറേക്കാട്ടിക്കവലയിലെ വൈഎംഎ ഗ്രാമീണ വായനശാലയിൽനിന്നാണ് പുസ്തകങ്ങൾ എടുക്കുന്നത്. മുതിർന്ന പൗരൻമാർക്ക് പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയിൽ വത്സയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എത്തിക്കുന്നുണ്ടെന്ന്‌ ലൈബ്രേറിയൻ ശാരി രാജീവ് പറഞ്ഞു. വത്സയുടെ മക്കളും പുസ്തകങ്ങൾ വാങ്ങി നൽകും. പുസ്തകചർച്ചകളിലും പങ്കെടുക്കാറുണ്ട്. ബഷീറിന്റെ ‘മതിലുകൾ' നോവലിനെക്കുറിച്ച് നടന്ന ചർച്ചയിൽ വായനശാല വത്സയെ ആദരിച്ചിരുന്നു. വായിച്ചുവളരാൻ വരുംതലമുറയ്ക്ക് മാതൃകയാണ് വത്സ ജേക്കബെന്ന് ലൈബ്രറി ഭാരവാഹികളായ നെച്ചി തമ്പി, സെക്രട്ടറി അനിൽ മർക്കോസ് എന്നിവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home