ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചത് 6000 കോടി: മന്ത്രി ബിന്ദു

കളമശേരി
സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിലാണെന്നും വിദ്യാർഥീകേന്ദ്രീകൃതമായ സമീപനമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപ കിഫ്‌ബിയും റൂസയും സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് വിഹിതവുമായി സർക്കാർ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സർവകലാശാല ക്യാമ്പസിൽ ആദ്യത്തെ 110 കെവി ജിഐഎസ് സബ്‌സ്റ്റേഷൻ കുസാറ്റിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ഉന്നതനിലവാരമുള്ള ലബോറട്ടറി സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ 394.76 കോടി രൂപ അനുവദിച്ചതെന്ന് അധ്യക്ഷനായ മന്ത്രി പി രാജീവ് പറഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് ക്യാമ്പസിൽ 22.5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച 110 കെവി സബ് സ്റ്റേഷൻ നൂതന സംവിധാനമായ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനാണ് (ജിഐഎസ്). 900 മീറ്റർ 110 കെവി ലൈൻ, എട്ട് എംവിഎ 110/11 കെവി ട്രാൻസ്‌ഫോർമർ രണ്ടെണ്ണം, 11 കെവി പാനലുകൾ 13 എണ്ണം, 160 കെവിഎ ട്രാൻസ്‌ഫോർമർ, 63 കെവിഎ ഡീസൽ ജനറേറ്റർ എന്നിവ ഉൾപ്പെടുന്നതാണ് സബ് സ്റ്റേഷൻ.
കളമശേരി വൈദ്യുതി വിതരണ ശൃംഖലയിൽനിന്ന് നേരിട്ട് 110 കെവി ലൈൻ സർവകലാശാലയിലെത്തിച്ച് ക്യാമ്പസിലെ മറ്റ് സബ് സ്റ്റേഷനുകളിലേക്ക് 11 കെവി വൈദ്യുതി വിതരണം ചെയ്യുന്ന സംവിധാനമാണ് പൂർത്തിയായത്. നിലവിൽ അഞ്ച് 11 കെവി സബ് സ്റ്റേഷനുകളാണ് കുസാറ്റ് ക്യാമ്പസിലുള്ളത്. തടസ്സമില്ലാതെ ക്യാമ്പസിലെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണിത്.
വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. എ യു അരുൺ, കിറ്റ്‌കോ എംഡി ഹരിനാരായണ വല്ലജ, കുസാറ്റ് സിൻഡിക്കറ്റ് അംഗം ഡോ. പി കെ ബേബി, എൻജിനിയർ വി എസ് സാബിൻ എന്നിവർ സംസാരിച്ചു.









0 comments