പാറമടയിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു

കവളങ്ങാട്
വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പാറത്താഴത്ത് അനധികൃത പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം അപകടഭീഷണിയാകുന്നു. സർക്കാർഭൂമി കൈയേറി വ്യക്തി ഇവിടെ പാറഖനനം നടത്തിയിരുന്നു. ഇതോടെ രൂപപ്പെട്ട കുഴിയിലാണ് മഴ കനത്തതോടെ വെള്ളം നിറഞ്ഞത്. ഈ ഭൂമി പിന്നീട് സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു.
നിരവധി സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന മൈലൂർ–കാലാമ്പൂർ റോഡിനോട് ചേർന്നാണ് പാറക്കുഴി സ്ഥിതി ചെയ്യുന്നത്. വെള്ളം അപകടകരമായി ഉയരാതിരിക്കാൻ വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് റോഡിൽനിന്ന് ഏകദേശം ഇരുപത്തഞ്ചടി താഴെ തുരങ്കംതീർത്ത് വെള്ളം ഒഴുക്കി. എന്നാൽ, ആ തുരങ്കം സാമൂഹ്യവിരുദ്ധർ കോൺക്രീറ്റിട്ട് അടച്ചു. എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കിൽ വൻ അപകടത്തിന് കാരണമായേക്കാമെന്നു കാണിച്ച് വാരപ്പെട്ടി പഞ്ചായത്തിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. സമീപവാസിയുടെ മീൻകൃഷിക്കും വെള്ളക്കെട്ട് ഭീഷണിയാണ്. കലക്ടർക്ക് പരാതി അയച്ചുവെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.









0 comments