താരമായി ഷ്രോഡിങ്ങറുടെ പൂച്ച

കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഷ്രോഡിങ്ങറുടെ പൂച്ച
കൊച്ചി
കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ച്വറി പ്രദർശനത്തിലെ താരമാണ് ഷ്രോഡിങ്ങറുടെ പൂച്ച. ഇലക്‌ട്രോണിന് ഒരേസമയം തരംഗസ്വഭാവവും കണികാസ്വഭാവവും ഉണ്ടാകും. പരിശോധിച്ചാൽമാത്രം മനസ്സിലാകുന്ന ഇതിനെ സാധാരണക്കാർക്ക് വിശദീകരിച്ചുനൽകാൻ ശാസ്‌ത്രസമൂഹം പാടുപെട്ടപ്പോഴാണ് എർവിൻ ഷ്രോഡിങ്ങറുടെ മനസ്സിൽ ക്വാണ്ടം പൂച്ച എന്ന ആശയം ഉണ്ടായത്.
ഇരുട്ടുമുറിയിൽ സ്റ്റീൽപ്പെട്ടിയിൽ ഒരു പൂച്ച, റേഡിയോ ആക്ടീവ് കണം പുറത്തേക്കുവന്നാൽ പൊട്ടിവീഴാൻപാകത്തിൽ ചുറ്റിക, ചുറ്റിക വീണാൽ പൊട്ടുംവിധത്തിൽ കുപ്പിയിലെ വിഷവാതകം, കുറച്ചുദൂരെയായി റേഡിയോ ആക്ടീവ് പദാർഥവും. പുറത്തുനിന്നുകൊണ്ട് പെട്ടിക്കുള്ളിൽ എന്തുസംഭവിക്കുന്നുവെന്ന് പറയാൻകഴിയാത്ത ഒരവസ്ഥയുണ്ട്. പുറത്തുനിൽക്കുന്ന ഒരാളെസംബന്ധിച്ച് പൂച്ച ചത്തുപോകാനും ജീവനോടെ ഇരിക്കാനുമുള്ള സാധ്യത ഏതാണ്ട് തുല്യം. റേഡിയോ ആക്ടീവ് പദാർഥത്തിൽനിന്ന് കണം പുറത്തേക്കുവന്നാൽ ചുറ്റികയിൽ വൈദ്യുതി ചാർജ് വരികയും അത് വീണ് കുപ്പിപൊട്ടുകയും വിഷവാതകം ശ്വസിച്ച് പൂച്ച ചാകുകയും ചെയ്യും. കണം പുറത്തേക്കുവരുന്നില്ലെങ്കിൽ പൂച്ച ജീവിച്ചിരിക്കും. പൂച്ച ഒരേസമയം ജീവിച്ചിട്ടുമുണ്ട്, മരിച്ചിട്ടുമുണ്ട് എന്ന സൂപ്പർ പൊസിഷൻ അവസ്ഥയാണ് പുറത്തുനിൽക്കുന്ന ഒരാൾക്ക് പറയാനാകുക. അതേസമയം, പെട്ടി തുറക്കുകയാണെങ്കിൽ സൂപ്പർ പൊസിഷൻ അവസ്ഥ അപ്രത്യക്ഷമാകുന്നു. ജീവനുള്ളതും ചത്തതുമായ പൂച്ചയെ കാണാനുള്ള സാധ്യത 50 ശതമാനം വീതമാകുന്നു. ഈ പരീക്ഷണം യഥാർഥത്തിൽ ഒരു പൂച്ചയിൽ നടത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ആറ്റങ്ങളുടെ സ്വഭാവം എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു ചിത്രമായിട്ട് ഇതിനെ കാണണമെന്നും എക്‌സിബിഷൻ വിശദീകരിക്കുന്നു.









0 comments