ചലനത്തിൽനിന്ന് വൈദ്യുതി : കുസാറ്റ് ഗവേഷണത്തിന് പേറ്റന്റ്

കളമശേരി
ചലനത്തില്‍നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കൊച്ചി സർവകലാശാലയ്‌ക്ക് (കുസാറ്റ്) പേറ്റന്റ് ലഭിച്ചു. കുസാറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസസ് ഡയറക്ടറും പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി വിഭാഗം പ്രൊഫസറുമായ ഡോ. ഹണി ജോണിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിനാണ് അംഗീകാരം. 2022-ൽ പ്രസിദ്ധീകരിച്ച ഗവേഷണ ഫലമാണ് പേറ്റന്റിനർഹമായത്.
പോളി ഡൈമിഥൈൽ സിലോക്സെയ്ൻ അടിസ്ഥാനമാക്കിയുള്ള ഗ്രഫീൻ ഓക്സൈഡ് -- കണ്ടക്റ്റിങ് പോളിമർ നാനോഹൈബ്രിഡ് ചേർത്ത് വികസിപ്പിച്ച ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്ററാണ് (ടിഇഎൻജി) ഡോ. ഹണി ജോണിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്. രണ്ട് പാളികളാണ് ഇതിന്റെ പ്രധാന ഭാഗം. ബാഹ്യചലനംകൊണ്ട് പാളികൾ ഓരോ തവണ അടുക്കുകയും അകലുകയും ചെയ്യുമ്പോൾ ഇവയിൽ വൈദ്യുതിയുൽപ്പാദിപ്പിക്കപ്പെടും. ഈ വെദ്യുതി തൽസമയമായും, കണ്ടെൻസർ, ബാറ്ററി എന്നിവയിൽ സംഭരിച്ചും ഉപയോഗിക്കാം. മനുഷ്യശരീരത്തിന്റെ ചലനം, മറ്റു ചലനം കൊണ്ടുണ്ടാകുന്ന കമ്പനം, കാറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന യാന്ത്രികോർജം വൈദ്യുതിയാക്കി മാറ്റാൻ കഴിയുമെന്നതാണ് ടിഇഎൻജിയുടെ പ്രത്യേകത.
നാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ, ആരോഗ്യ നിരീക്ഷണ സംവിധാനം, ചലന നിരീക്ഷണ സംവിധാനം എന്നിവയ്ക്ക് വൈദ്യുതി നൽകാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. നാനോ ഇലക്ട്രിക് ഉപകരണങ്ങൾ, സ്വയം പ്രവർത്തിക്കുന്ന സെൻസറുകൾ, വെയറബിൾ ഇലക്ട്രോണിക്സ്, സ്മാർട്ട് ടെക്സ്റ്റൈൽസ് എന്നിവയ്‌ക്ക് വൈദ്യുതി ലഭ്യമാക്കാൻ ഉപകരണത്തിന് കഴിയും. ഷൂ സോളുകളിൽ ഉപയോഗിച്ച് മൊബൈൽ ചാർജിങ് ഉൾപ്പെടെ സാധ്യമാക്കുക തുടങ്ങി, വിപുലമായ മേഖലകളിലേക്ക് ഈ സാങ്കേതികത ഉപയോഗപ്പെടുത്താമെന്ന് ഡോ. ഹണി ജോൺ പറഞ്ഞു.
ഡോ. ദിവ്യ ജോസ്, ഡോ. കെ ജെ സജി ജോസഫ്, ഡോ. ഇ ജെ ജിൽമി, ഡോ. കെ വി വിജോയ്, പ്രൊഫ. എൻ മനോജ് എന്നിവർ ഗവേഷകസംഘത്തിൽ ഉള്‍പ്പെടുന്നു.









0 comments