പാറക്കടവ് ബ്ലോക്ക് നൈപുണ്യ വികസനകേന്ദ്രം ഉദ്‌ഘാടനം നാളെ

നെടുമ്പാശേരി
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന സംരംഭമായ നൈപുണ്യവികസനകേന്ദ്രം വെള്ളി രാവിലെ 10.30ന് സബ് കലക്ടർ കെ മീര ഉദ്‌ഘാടനംചെയ്യും. കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ എസ്ടിഇഡി (സയന്റിഫിക് ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡെവലപ്മെന്റ്) കൗൺസിലുമായി സഹകരിച്ച് എട്ട് കംപ്യൂട്ടർ അധിഷ്ഠിത കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
ഇന്ത്യൻ ടാക്സേഷൻ, ടാലി, ഡിസിഎ, എംഎസ് ഓഫീസ്, ഡാറ്റ എൻട്രി (ഇംഗ്ലീഷ്, മലയാളം) ഡിടിപി, ഇ -മെയിൽ ആൻഡ് ഇന്റർനെറ്റ് എന്നിവയാണ് കോഴ്സുകൾ. വീട്ടമ്മമാർക്കും വയോജനങ്ങൾക്കും വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും പ്രയോജനകരമാകുന്നവയാണ് കോഴ്‌സുകൾ. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 4.80 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ് മുറിയും അനുബന്ധസൗകര്യങ്ങളും ഏർപ്പെടുത്തിയതെന്ന് പ്രസിഡന്റ് ടി വി പ്രദീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരുമാസംമുതൽ ആറുമാസംവരെ നീളുന്ന കോഴ്സുകൾ സമയബന്ധിതമായി പൂർത്തീകരിക്കും. നിയമാനുസൃത യോഗ്യതയുള്ള രണ്ട് ഇൻസ്ട്രക്ടർമാരെ നിയമിച്ചുകഴിഞ്ഞു. പരീക്ഷ വിജയിക്കുന്നവർക്ക് സ്റ്റഡ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ ലഭിക്കും. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് താര സജീവ്, ബ്ലോക്ക് സെക്രട്ടറി സജി അഗസ്റ്റിൻ, സ്ഥിരംസമിതി അധ്യക്ഷരായ സി എം വർഗീസ്, ആനി കുഞ്ഞുമോൻ, അംഗം അമ്പിളി അശോകൻ എന്നിവർ പങ്കെടുത്തു.









0 comments