പച്ചത്തുരുത്തുകൾ പടരുന്നു

കൊച്ചി
കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ നാടാകെ പച്ചത്തുരുത്തുകൾ പടരുന്നു. ഗ്രാമ–-നഗര പ്രദേശങ്ങളിൽ പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതിയാണ് വിജയകരമായി മുന്നേറുന്നത്. ഒരുവർഷം ജില്ലയിലെ വിവിധ ഇടങ്ങളിലായി 20 ഏക്കർ ഭൂമിയിൽ 151 പച്ചത്തുരുത്തുകൾ ഒരുങ്ങി.
ഹരിതകേരളം മിഷൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ ‘തൈനടാം’ പദ്ധതി തുടരുന്നത്.
ആദ്യപടിയായി സിവിൽ സ്റ്റേഷനിൽ തരിശുകിടന്ന നാലുസെന്റ് ഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചത്തുരുത്ത് വളർന്നുപന്തലിച്ചു. നിലവിലെ പച്ചപ്പുകൾ ഉറപ്പാക്കി പുതിയ പച്ചത്തുരുത്തുകൾ ഒരുക്കി സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണിത്. തരിശുഭൂമികളിലും സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാദേശികമായി ലഭ്യമാകുന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് ചെറുവനങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഹരിതകേരളം ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി പറഞ്ഞു.
തുടർപരിപാലനം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫലവൃക്ഷങ്ങളായ ചാമ്പ, നെല്ലി, സപ്പോട്ട, ഞാവൽ, മാവ്, പ്ലാവ് തുടങ്ങി 40 വ്യത്യസ്‌തയിനങ്ങളാണ് പച്ചത്തുരുത്തുകളിൽ വളർന്നുപന്തലിക്കുന്നത്. മിക്കയിടങ്ങളിലും തൈകൾ വളർന്ന് പൂവിട്ട് കായ്‌ക്കുകയും ചെയ്‌തു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പച്ചത്തുരുത്ത്, ഓർമമരം, ചങ്ങാതിക്കൊരു മരം എന്നീ ക്യാമ്പയിനുകൾ സജീവമായി തുടരുന്നുണ്ട്.









0 comments